പാലോട്: വാമനപുരം നദിയെ പ്രയോജനപ്പെടുത്തി നിരവധിപേരാണ് ഗ്രാമപ്രദേശത്ത് ക്ഷീരകൃഷി ചെയ്യുന്നത്. പാൽ ലഭ്യതയുടെ കാര്യത്തിൽ ഗ്രാമം മുന്നിൽ തന്നെയാണ്. ക്ഷീരകൃഷിയിലൂടെ ജീവിതം പച്ചപിടിച്ചവരും ഏറെ. നിലവിൽ ലേക്ക് ഡൗൺ പല വ്യവസായങ്ങളെയും താളം തെറ്റിച്ചെങ്കിലും ഇവിടുത്തെ ക്ഷീരകർഷകരെ ലോക്ക് ഡൗൺ ബാധിച്ചിട്ടില്ല. നാടൻ പശുക്കളും സങ്കരയിനം പശുക്കളുംകൊണ്ട് ജീവിതം കെട്ടിപ്പൊക്കിയവരാണ് ഏറെയും
എന്നാൽ പാൽ ലഭ്യത കണക്കിലെടുത്ത് സങ്കരയിനം പശുക്കളാണ് കൂടുതൽ പേരും വളർത്തുന്നത്. കൃത്യമായി പരിചരണം നൽകുന്നതിനാൽ മികച്ച പാൽ ഉത്പാദനമാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു.
രണ്ടും മൂന്നും പശുക്കളുള്ള കർഷകരാണ് ഗ്രാമപ്രദേശങ്ങളിൽ കൂടുതലും. ഇവരുടെ ഉപജീവനമാർഗം കൂടിയാണ് കാലി വളർത്തൽ.
നന്ദിയോട് മേഖലയിൽതന്നെ മിൽമയുടെ ഏഴോളം പാൽ സംഭരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന പാൽ നന്ദിയോട് പ്രവർത്തിക്കുന്ന മിൽമയുടെ ഫില്ലിംഗ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് മിൽമയുടെ തന്നെ അമ്പലത്തറ യൂണിറ്റിലേക്ക് കയറ്റി അയയ്ക്കുകയാണ് പതിവ്. ഇത്തരത്തിൽ 5000 ലിറ്ററോളം പാലാണ് ദിനംപ്രതി മിൽമയിലേക്ക് കയറ്റി അയയ്ക്കുന്നത്. ഒപ്പം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ചെറ്റച്ചലിൽ പ്രവർത്തിക്കുന്ന ഡെയറി ഫാമിൽ 290 ഓളം മികച്ച പശുക്കളിൽ നിന്നും ദിനംപ്രതി 900 ലിറ്ററോളം പാലാണ് ഉത്പാദിപ്പിക്കുന്നത്. ഈ പാല് ഗ്രീൻ മിൽക്ക് എന്ന പേരിൽ വിപണിയിൽ എത്തുന്നുമുണ്ട്.
തങ്ങളുടെ ജീവനോപാധിയായ ക്ഷീരകൃഷിയെ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകുമ്പോഴും തീറ്റയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് കർഷകരെ വലയ്ക്കുന്നത്. നിലവിൽ 1240 രൂപയാണ് മിൽമ നൽകുന്ന കാലിത്തീറ്റയ്ക്ക് ഈടാക്കുന്നത്. ഇതിൽ 100 രൂപ സബ്സിഡി ഇനത്തിൽ ഓരോ കർഷകനും കിട്ടും. എന്നാൽ പാലിന് കഴിഞ്ഞ വർഷത്തേക്കാൾ വില വർദ്ധിച്ചതോടെ നിരവധി പേരാണ് ഈ മേഖലയിലേക്ക് ചുവട് മാറ്റിയത്. പാലിന്റെ ഗുണനിലവാരത്തിലും ഫാറ്റിന്റെയും അടിസ്ഥാനത്തിലാണ് കർഷകന് വില നൽകുന്നത്. നന്ദിയോട് ക്ഷീര സംഘത്തിൽ മാത്രം ഗുണനിലവാരമുള്ള 800 ലിറ്ററോളം പാൽ സംഭരിക്കുന്നുണ്ട്. ത്രിതല പഞ്ചായത്തുകളും മിൽമയും ക്ഷീരകർഷകർക്കായി വിവിധ ക്ഷേമപദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ക്ഷീര സംഘങ്ങൾ മുഖേന പാൽ ഉത്പാദന സബ്സിഡി, തൊഴുത്ത് നിർമ്മാണം, പശുവളർത്തൽ തുടങ്ങിയ പദ്ധതികൾക്ക് ധനസഹായവും ലഭ്യമാക്കുന്നുണ്ട്.