തിരുവനന്തപുരം: സാലറി കട്ട് സംബന്ധിച്ച് കോടതി ഉത്തരവ് ലഭിച്ചതിന് ശേഷം വിശദമായി പ്രതികരിക്കാമെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. ഉത്തരവ് നിയമപരമാക്കുന്നതിന് എന്ത് വേണമെന്ന് ആലോചിക്കും. ഈ പ്രതിസന്ധികാലത്തും കേരളത്തിലെ ചിലരുടെ മാനസികാവസ്ഥ ഇങ്ങനെയാണെന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
ശമ്പളം വഴിയല്ലാതെ പണം എവിടെ നിന്ന് കിട്ടുമെന്ന് വിശദമായി ആലോചിക്കേണ്ടി വരും. സർക്കാർ അസാധാരണമായ പ്രതിസന്ധിയിൽ ഉഴലുമ്പോഴും ചിലർ സർക്കാരിന് ഒരു സഹായവും ചെയ്യില്ല എന്ന തീരുമാനവുമായി ഇരിക്കുകയാണെന്നും തോമസ് ഐസക് വിമർശിച്ചു. കേരളത്തിന്‍റെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ ഉത്തരവുകളും സ്റ്റേ ആകുമെന്നാണ് തന്‍റെ അറിവെന്നും തോമസ് ഐസക് വ്യക്തമാക്കി.
ശമ്പളം എന്ന് തിരികെ നൽകുമെന്ന പരാമർശം ഉത്തരവിൽ ഇല്ലാതിരുന്നത് തിരിച്ചടിയായോ എന്ന ചോദ്യത്തിന്, ഈ അസാധാരണമായ പ്രതിസന്ധികാലത്ത് എന്ന് ശമ്പളം തിരിച്ച് നൽകാനാകുമെന്ന് ഇപ്പോൾ ഞാനെങ്ങനെ പറയും എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.