കോവളം: പ്രളയം നൽകിയ ദുരിതത്തിൽ നിന്നു കരകയറുന്ന കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് തിരിച്ചടിയായി കൊവിഡ് 19. കോവളം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി പേരാണ് ഇതോടെ ദുരിതത്തിലായത്. ബീച്ചിലെ ശുചീകരണത്തൊഴിലാളികൾ മുതൽ ഫൈസ്റ്റാർ ഫെസിലിറ്റി വരെയുള്ള ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ വരെ ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്. ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്തും പലരിൽ നിന്നും കടംവാങ്ങിയുമാണ് പലരും കച്ചവടം തുടങ്ങിയത്. തൊഴിൽ നഷ്ടപ്പെട്ടതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയാതെ അന്യസംസ്ഥാനക്കാരായ കച്ചവടക്കാരും ദുരിതത്തിലാണ്. കോവളം ബീച്ചിലെ 95 ശതമാനം പേരും ലക്ഷങ്ങൾ വാടക നൽകിയാണ് കച്ചവട സ്ഥാപനങ്ങൾ നടത്തുന്നത്. കഴിഞ്ഞ സീസണിൽ അകെ കച്ചവടം നടന്നത് ഡിസംബർ, ജനുവരി മാസങ്ങളിലായിരുന്നു. കരാറെഴുതി കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തവർ മൂന്ന് മാസം കഴിയും മുമ്പേ ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിടേണ്ടി വന്നു. നാട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയാതെ കോവളത്ത് നൂറോളം വിദേശികളാണ് പല ഹോട്ടലുകളിലുമായി കഴിയുന്നത്. തീരത്തെ മോടിപിടിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 20 കോടിയുടെ തീരവികസന പദ്ധതിയും അനിശ്ചിതത്വത്തിലാണ്. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ സഹായിക്കാൻ സർക്കാർ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.