ഹൈദരാബാദ്: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനുണ്ടായ അധിക സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് ഈ മാസവും പകുതി ശമ്പളം മാത്രമേ നൽകുകയുള്ളൂവെന്ന് ആന്ധ്രാപ്രദേശ് സർക്കാർ അറിയിച്ചു. വിരമിച്ച സർക്കാർ ജീവനക്കാർക്കുള്ള പെൻഷനും പകുതിയായിരിക്കും നൽകുക.
കഴിഞ്ഞ മാസവും സർക്കാർ ജീവനക്കാർക്ക് പകുതി ശമ്പളം മാത്രമാണ് നൽകിയത്. കേരളത്തിൽ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം വിവാദമായപ്പോൾ ആന്ധ്രയിൽ കർശന നടപടിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 1183 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 31 പേർ മരിച്ചു 235 പേർക്ക് രോഗംഭേദമായി.