kseb

കിളിമാനൂർ: മഴ, വെയിൽ, കൊവിഡ് ഭീഷണി, ലോക്ക് ഡൗൺ തുടങ്ങി എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു കൂട്ടരുണ്ട് - കെ.എ‌സ്.ഇ.ബി ജീവനക്കാർ. ലോക്ക് ഡൗണിൽ രാപകൽ ഭേദമന്യേ പണിയെടുക്കുന്ന മറ്റ് ആവശ്യ വിഭാഗങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴും ഇവരുടെ സേവനം പുറം ലോകം അറിയുന്നില്ല. എന്നാൽ അതിലൊന്നും ഒരു പരാതിയുമില്ലാത്ത ഇവർ പറയുന്നത് ഞങ്ങളുടെ ജോലി ഞങ്ങൾ ചെയ്യുന്നു എന്നാണ്. ലോക്ക് ഡൗണിൽ എല്ലാവരും വീടുകളിൽ തങ്ങിയപ്പോൾ ടി.വി, കമ്പ്യൂട്ടർ, എ.സി, മൊബൈൽ ഫോൺ, മൈക്രോവേവ് ഒാവൻ, ഗ്രൈൻഡർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും വർദ്ധിച്ചു. അതിനാൽ തന്നെ കറണ്ട് ഒന്നു പോയാൽ ഉടൻ കെ.എസ്.ഇ.ബിയിലേക്ക് വിളിയെത്തും. ജീവനക്കാർ ഉടനെത്തി പ്രശ്നം പരിഹരിക്കുകയും ചെയ്യും. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ നിരവധി ജീവനക്കാരാണ് രാത്രിയും പകലുമില്ലാതെ ലോക്ക് ഡൗണിലും സേവനം അനുഷ്ഠിക്കുന്നത്. കിളിമാനൂർ പ്രദേശത്ത് നിർദ്ധനരായവർക്ക് മരുന്ന് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തും ഇവർ മാതൃകയായി. ലോക്ക് ഡൗണിൽ വീട്ടിനുള്ളിലായവർക്ക് തടസമില്ലാതെ വൈദ്യുതിയെത്തിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ

സുരക്ഷയില്ലാത്ത ജോലി

പൊള്ളുന്ന വെയിലത്ത് 11 കെ.വി.ലൈൻ പോസ്റ്റുകളിൽ വരെ കയറി ജോലി ചെയ്യേണ്ട ഇവർക്ക് ആധുനിക സുരക്ഷാ സൗകര്യങ്ങളില്ലാത്തതിനാൽ പലപ്പോഴും അപകടങ്ങളെ അഭിമുഖീകരിക്കേണ്ടതായും വരുന്നുണ്ട്. പരമ്പരാഗത രീതിയിലുള്ള സൗകര്യങ്ങൾ മാത്രമാണ് പലയിടത്തും ഉള്ളത്.