നെടുമങ്ങാട് : ലോക്ക് ഡൗണിന്റെ മറവിൽ കേടായ മത്സ്യം വിറ്റഴിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി റവന്യു,ഫുഡ് സേഫ്ടി ഉദ്യോഗസ്ഥർ രംഗത്ത്.നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ മത്സ്യ മാർക്കറ്റുകളിൽ പരിശോധന ഊർജ്ജിതമാക്കി.

ലോക്ക് ഡൗൺ ചട്ടങ്ങൾ നിരന്തരം ലംഘിച്ച നെടുമങ്ങാട് മാർക്കറ്റിൽ മത്സ്യ ലേലം നിരോധിച്ച് ഉത്തരവായി.അനുവാദമില്ലാതെ ലേലം നടത്തിയാൽ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കുമെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പും നൽകി..പനവൂർ, പനയ്‌ക്കോട്,മടത്തറ എന്നിവിടങ്ങളിൽ വില്പനയ്‌ക്കെത്തിച്ച 500 കിലോയിലേറെ കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.രാസ വസ്തുക്കൾ കലർത്തിയതും നിശ്ചിത അളവിൽ ഐസ് ഇടാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്.താലൂക്കാസ്ഥാനത്തെ അരശുപറമ്പ്‌ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ അനധികൃത മത്സ്യലേലം നടക്കുന്നതായും തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യം മടത്തറ വഴി കടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.ഇതേതുടർന്ന് താലൂക്ക് ഫുഡ്‌സേഫ്ടി ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ക്വാഡുകൾ രൂപീകരിച്ചു. നെടുമങ്ങാട് നെട്ട,പാലോട് ചല്ലിമുക്ക്,തട്ടത്തുമല,കടമ്പോട്ടുകോണം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര താലൂക്കിലെ പൂവാർ,അമരവിള എന്നിവിടങ്ങളിലും ഫുഡ്‌സേഫ്ടി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.അനധികൃത മത്സ്യ വ്യാപാരം സംബന്ധിച്ച പരാതികൾ 9447700114 (നെടുമങ്ങാട് തഹസിൽദാർ), 8943346181 (ഫുഡ്‌സേഫ്‌ടി അസിസ്റ്റന്റ് കമ്മീഷണർ) എന്നീ നമ്പറുകളിൽ അറിയിക്കാം.