കിളിമാനൂർ: രാജാ രവിവർമ്മയുടെ 172 -ാ മത് ജന്മദിനം ഇന്ന് ആചരിക്കുമ്പോൾ അദ്ദേഹത്തിനോടുള്ള ആദരവ് ജന്മദിന ചടങ്ങുകളിൽ അവസാനിക്കുന്നുവെന്ന പരാതിയാണ് കലാകാരന്മാർക്ക്. ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരത്തിൽ രവിവർമ്മയുടെ പ്രശസ്തമായ ചിത്രങ്ങൾ ഒന്നും ഇല്ലെങ്കിലും അദ്ദേഹം ലോകത്തിന് സംഭാവനയേകിയ നിരവധി ചിത്രങ്ങൾ പിറന്ന ചിത്രശാലയുണ്ട്. കരിക്കട്ടക്കൊണ്ട് കൊട്ടാര ഭിത്തികളിൽ ചിത്രം വരച്ച് ലോക ചിത്രകലയുടെ നെറുകയിൽ എത്തിയ രവിവർമ്മയുടെ ഓർമകൾ പേറുന്ന നിരവധി വസ്തുക്കളാണ് ഇവിടുള്ളത്. ലോക ശ്രദ്ധ പിടിച്ചുപറ്റിയ നിറക്കൂട്ടുകൾ, പാട്ടുപെട്ടി, ചിത്രശാലയിലേക്ക് തടസമില്ലാതെ സൂര്യപ്രകാശം എത്തുന്നതിന് വിദേശത്ത് നിന്ന് കൊണ്ടുവന്ന ജനൽ ഗ്ലാസ് എന്നിവ ഉദാഹരണം. ഇവയെല്ലാം സംരക്ഷിക്കാനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമാണ്. കിളിമാനൂരിൽ ഒരു രവി വർമ്മ പ്രതിമ സ്ഥാപിക്കണം, രവിവർമ്മയുടെ പേരിൽ യൂണിവേഴ്സിറ്റികളിൽ ഏതിലെങ്കിലും ചെയർ അനുദിക്കണം, ചിത്രകല ഉൾപ്പെടെ കലകൾ പഠിപ്പിക്കുന്നതിന് കൊട്ടാരത്തിനോട് ചേർന്ന് സ്ഥിരം ശാല സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. കൊട്ടാരം കലാക്ഷേത്രമാക്കാൻ പിൻതലമുറക്കാർ താത്പര്യം കാട്ടുമ്പോഴും രവിവർമ്മയെയും ചിത്രങ്ങളെയും അധികാരികൾ ഓർക്കുന്നത് അദ്ദേഹത്തിന്റെ ജന്മദിനത്തിലും ചരമദിനത്തിലും സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ മാത്രമാണ് എന്നാണ് ചിത്രാരാധകരുടെയും നാട്ടുകാരുടെയും പരാതി. രവി വർമ്മയുടെ സ്മരണാർത്ഥം സാംസ്കാരിക നിലയത്തിനകത്ത് ഒരു കോടി രൂപ ചെലവിൽ ഒരു കലാക്ഷേത്രത്തിന്റെ പ്രവർത്തനത്തിന് തുടക്കമിട്ടിട്ടുണ്ടെന്ന് ബി.സത്യൻ എം.എൽ.എ അറിയിച്ചു.
സാംസ്കാരിക നിലയത്തിൽ ജന്മദിനാഘോഷം
കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ രവിവർമ്മയുടെ 172-ാമത് ജന്മദിനാഘോഷം ഇന്ന് രാവിലെ കിളിമാനൂർ രാജാ രവിവർമ്മ സാംസ്കാരിക നിലയത്തിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. ബി.സത്യൻ എം.എൽ.എ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.