വെള്ളറട: ചാരായ റെയ്ഡിനിടെ എക്സൈസ് സംഘത്തെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വെള്ളറട കൂനിച്ചി കൊണ്ടകെട്ടി മലയടിവാരത്ത് തപസിയുടെ വീടിനു സമീപമുള്ള കാട്ടുമരത്തിൽ കേസിലെ അഞ്ചാം പ്രതി ചെമ്പൂര് വട്ടപ്പറമ്പ് ശരത് ഭവനിൽ സത്യ (52) നെ തൂങ്ങിമരിച്ചതായി കണ്ടെത്തുകയായിരുന്നു

ഇയാളുടെ മകനും കേസിലെ രണ്ടാം പ്രതിയുമായ ശരത്കുമാർ (24), ഒന്നാം പ്രതി ഇയാളുടെ അനുജൻ വട്ടപ്പറമ്പ് തടത്തരികത്ത് വീട്ടിൽ സജി കുമാർ (46) എന്നിവർക്കൊപ്പം ഒന്നിച്ച് മലയടിവാരത്ത് ഒളിവിൽ കഴിയുകയായിരുന്നു. 26 നാണ് സംഘം മലയടിവാരത്ത് ഒളിവിൽ താമസിക്കാൻ എത്തിയതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ മകനും അനുജനും നോക്കുമ്പോൾ സത്യനെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിയായിരുന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് ഇവർ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു.