തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടണമെന്നും, പരിശോധനാഫലങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വരെ കാത്തിരിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിൽ പ്രതിദിനം 4000 പരിശോധന വരെ നടത്താമെന്നിരിക്കെ ,420 എണ്ണമാണ് നടത്തുന്നത്. അതിൽ പലതും ആവർത്തനങ്ങളാണെന്നും യു.ഡി.എഫ് യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു. കൂടുതൽ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയാലേ ജനങ്ങളുടെ ആശങ്കയകറ്റാനാകൂ. പോസിറ്റീവ് കേസുകൾ ഉടനെ പ്രഖ്യാപിക്കണം. പരിശോധനാ കിറ്റുകൾ ലഭ്യമല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ രണ്ടാഴ്ച മുമ്പ് 12 കോടിയുടെ കിറ്റിന് ഓർഡർ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ല. വൈകാനുള്ള കാരണം അന്വേഷിക്കണം. ഗ്രീൻ സോണിലായിരുന്ന കോട്ടയം, ഇടുക്കി ജില്ലകൾ റെഡ് സോണിലായത് ഗൗരവത്തോടെ കണ്ട് ജാഗത്ര പുലർത്തണം.
സർക്കാർ പ്രഖ്യാപിക്കുന്ന പല പരിപാടികളും നടപ്പാക്കുന്ന ത്രിതല പഞ്ചായത്തുകൾക്ക് ധനസഹായം ലഭിക്കുന്നില്ല. കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ ഒരു സഹായവും നൽകുന്നില്ല. പ്രതിരോധ കാര്യത്തിൽ മുമ്പുണ്ടായിരുന്ന ആവേശം ഇപ്പോൾ പഞ്ചായത്ത് തലങ്ങളിൽ കാണാനില്ല. കൊവിഡിനെ തുടർന്ന് ഏറെ ദുരിതം അനുഭവിക്കുന്ന ചെറുകിട ഇടത്തരം കർഷകർക്ക് കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്നില്ല. ചെറുകിട വ്യാപാരമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഈ മേഖലകൾക്കായി പ്രത്യേക പദ്ധതി രൂപീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തണം
വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടുവരുന്നതിന് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ തീരുന്നതിന് മുമ്പ് ഇതിനുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് നേടിയെടുക്കണം. തൊഴിൽ നഷ്ടപ്പെട്ടവർ, സന്ദർശക വിസയിലുള്ളവർ, ശമ്പളമില്ലാത്തവർ, കൊവിഡ് അല്ലാത്ത മറ്റ് രോഗങ്ങൾ ബാധിച്ചവർ, ഗർഭിണികൾ തുടങ്ങിയവർക്ക് മുൻഗണന നൽകമെന്നതടക്കം 20 നിർദ്ദേശങ്ങളടങ്ങിയ നിവേദനം യു.ഡി.എഫ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നൽകി. മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെ പ്രത്യേക ബസുകൾ ഏർപ്പെടുത്തി മടക്കിക്കൊണ്ടുവരണം.
മുഖ്യമന്ത്രിക്ക്
അധികാരത്തിന്റെ അഹങ്കാരം
മുഖ്യമന്ത്രി പിണറായി വിജയന് അധികാരം കൈയിൽ കിട്ടിയതിന്റെ അഹങ്കാരമാണെന്ന് ചെന്നിത്തല പറഞ്ഞു. സ്പ്രിൻക്ളർ കേസിൽ ഹൈക്കോടതി വിധി തങ്ങൾക്ക് അനുകൂലമാണെന്ന് അവകാശപ്പെട്ടവർക്ക് അസാമാന്യമായ തൊലിക്കട്ടിയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ചില പൊതുപ്രവർത്തകർക്ക് അധികാരം കൈയിൽ കിട്ടിയാൽ അത് അഹങ്കാരമായി മാറും. അതുകൊണ്ടാണ് അത്തരം ഭാഷകൾ പ്രയോഗിക്കുന്നത്. ചിലർക്ക് ആല് കിളിച്ചാലും അതൊരു തണലാണ്. അതൊക്കെ കേരളത്തിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്- ചെന്നിത്തല പറഞ്ഞു.
വിനയായത്
ധനമന്ത്രിയുടെ
വെല്ലുവിളി
കൊവിഡ് സമയത്ത് ജീവനക്കാർ സർക്കാരിനെ സഹായിക്കണമെന്ന് തന്നെയാണ് യു.ഡി.എഫിന്റെ നിലപാടെന്നും എന്നാൽ ധനമന്ത്രി എല്ലാവരെയും പ്രകോപിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതാണ് വിനയായതെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രളയസമയത്തും ഇതാണുണ്ടായത്. കൊവിഡിനെ നേരിടാൻ സർക്കാരിനെ സഹായിക്കാൻ ജീവനക്കാരെല്ലാം ഒരുക്കമായിരുന്നു. എന്നാൽ വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്തപ്പോൾ അവർക്കും ആത്മാഭിമാനമുണ്ടെന്ന് ഓർക്കണമായിരുന്നു. അദ്ധ്യാപകരെ വ്യാപകമായി അധിക്ഷേപിക്കുകയാണ്. പ്രക്ഷോഭങ്ങളുടെ പേരിൽ നിരവധി ഉത്തരവുകൾ കത്തിച്ചവരാണ് അധിക്ഷേപിക്കാനിറങ്ങിയിരിക്കുന്നത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ ആനുകൂല്യങ്ങൾ തടഞ്ഞതിന് ഉത്തരവുകൾ കത്തിച്ചവരാണിക്കൂട്ടർ. അഴിമതികളും തെറ്റുകുറ്റങ്ങളും പുറത്തെത്തിക്കാൻ പ്രതിപക്ഷത്തിന് ബാദ്ധ്യതയുണ്ട്. അത് റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരുടെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നത്.