photo

നെടുമങ്ങാട്: എക്സൈസ് സംഘത്തെക്കണ്ട് ഭയന്നോടുന്നതിനിടെ തോട്ടിൽ വീണ് മരിച്ച ചെട്ടിയാംപാറ മേത്തോട്ടം ട്രൈബൽ സെറ്റിൽമെന്റിൽ രാജേന്ദ്രൻ കാണിയുടെ മൃതദേഹവുമായി എക്സൈസ് റേഞ്ച് ഓഫീസിനു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം. കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ആദിവാസി കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. എക്സൈസുകാർ രാജേന്ദ്രൻ കാണിയെ തള്ളിയിട്ടതാണെന്ന് എം.എൽ.എ ആരോപിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ആംബുലൻസിൽ നെടുമങ്ങാട്ട് എത്തിച്ച രാജേന്ദ്രൻകാണിയുടെ മൃതദേഹമായി ഒരു മണിക്കൂറോളം പ്രവർത്തകർ പ്രതിഷേധിച്ചു. കുറ്റക്കാരായ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുക, കുടുംബാംഗത്തിന് സർക്കാർ ജോലി നൽകുക, അടിയന്തര ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നെടുമങ്ങാട് ആർ.ഡി.ഒ മോഹൻകുമാറും തഹസിൽദാർ എം.കെ. അനിൽകുമാറും സ്ഥലത്തെത്തി എം.എൽ.എയുമായി ചർച്ച നടത്തി. കുടുംബത്തിന് 25,000 രൂപ സമാശ്വാസ സഹായം അനുവദിക്കാമെന്നും മറ്റു രണ്ട് ആവശ്യങ്ങളും അധികൃതരെ അറിയിക്കാമെന്നും ഉറപ്പ് നൽകിയതിന് ശേഷമാണ് ഉപരോധം പിൻവലിച്ചത്. തോട്ടുമുക്ക് അൻസർ, മലയടി പുഷ്‌പാംഗദൻ, അഡ്വ.എസ്. അരുൺകുമാർ, ചായം സുധാകരൻ, എൻ.എസ്. ഹാഷിം, കെ.കെ. രതീഷ്, അഡ്വ. ഉവൈസ് ഖാൻ, പൊൻപാറ സതീഷ്, രാഹുൽ, പീരുമുഹമ്മദ്, രമേശൻ തൊളിക്കോട്, ഷംനാദ്, അൻസർ കരയ്ക്കാംതോട്, രമേശൻ, ലിജി, ഷിബു, സുമംഗല എന്നിവർ നേതൃത്വം നൽകി.