kim

സോൾ : ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ പറ്റി ദിവസങ്ങളായി അഭ്യൂഹങ്ങളുടെ പെരുമഴയാണ്. മരിച്ചെന്നും ഇല്ലെന്നും വാർത്തകളോടെ വാർത്തകൾ. ആരോഗ്യനില മോശമായത് കൊണ്ടല്ല, പകരം കൊവിഡ് വ്യാപനത്തെ തുടർന്ന് കിം പൊതുപരിപാടികളിൽ നിന്നും വിട്ടുനില്ക്കുകയാണെന്നാണ് പുതിയ വാർത്ത. ഉത്തരകൊറിയയുടെ അയൽക്കാരായ ദക്ഷിണ കൊറിയയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കിം യോൻ ചുൽ എന്ന ദക്ഷിണ കൊറിയൻ മന്ത്രിയാണ് കിമ്മിനെ സംബന്ധിച്ച പുതിയ പ്രസ്ഥാവനയുമായി രംഗത്തെത്തിയിരിക്കുന്നത്. കിം അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത നേരത്തെ തന്നെ ദക്ഷിണ കൊറിയൻ അധികൃതർ തള്ളിയിരുന്നു.

അസ്വഭാവികമായ ഒന്നും ഉത്തര കൊറിയയിൽ നടക്കുന്നില്ലെന്നായിരുന്നു ദക്ഷിണ കൊറിയ വ്യക്തമാക്കിയത്. എന്നാൽ കിമ്മിന് ഹൃദയ ശസ്ത്രക്രിയയ്ക്ക വിധേയനായെന്ന വാർത്ത തള്ളിയിട്ടില്ല. ഉത്തര കൊറിയൻ അധികൃതർ പറയുന്നത് രാജ്യത്ത് ഒരൊറ്റ കൊവിഡ് കേസ് പോലുമില്ലെന്നായിരുന്നു. അതേ സമയം, കഴിഞ്ഞ ദിവസം അതിർത്തി കടന്ന് ചൈനയിലേക്ക് കടക്കാൻ ശ്രമിച്ച ഒരു ഉത്തര കൊറിയൻ പൗരന് കൊവിഡ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ കൊവിഡ് ഇല്ലെന്ന ഉത്തര കൊറിയൻ വാദം നുണയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.