vld-1-

വെള്ളറട: പരിശോധനയ്‌ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സ്വരൂപ് ഉൾപ്പെടെ ആറംഗസംഘത്തെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി ചെമ്പൂര് വട്ടപ്പറമ്പ് തടത്തരികത്ത് വീട്ടിൽ സജികുമാർ (46),​ ഇയാളുടെ ജ്യേഷ്ഠന്റെ മകൻ വട്ടപ്പറമ്പ് ശരത് ഭവനിൽ ശരത് കുമാർ (24),​ ഒമ്പതാം പ്രതി വാളിയോട് വട്ടപ്പറമ്പ് റോഡരികത്ത് വീട്ടിൽ ബിനു (46)എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 19ന് കാട്ടാക്കട എക്സൈസ് ഇൻസ്‌പെക്ടർ സ്വരൂപിന്റെ നേതൃത്വത്തിൽ 35 ലിറ്റർ ചാരായവുമായി സജി കുമാറിനെ അറസ്റ്റുചെയ്‌തുവരുമ്പോഴാണ് 30 അംഗ സംഘം മാരകായുധങ്ങളുമായെത്തി എക്സൈസ് സംഘത്തെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഒമ്പതാം പ്രതി ബിനുവിനെ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡ് അമ്പൂരിക്കു സമീപം അറസ്റ്റുചെയ്‌തിരുന്നു. ഇത് അറിഞ്ഞതിന് ശേഷമാണ് ഒളിവിലായിരുന്ന അഞ്ചാംപ്രതി സത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് മകൻ ശരത്തും അനുജൻ സജികുമാറും പൊലീസിന്റെ പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്‌തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, വെള്ളറട സി.ഐ ശ്രീകുമാർ, ആര്യങ്കോട് സി.ഐ പ്രദീപ്, എസ്.ഐ സജി, വെള്ളറട എസ്.ഐ സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഫോട്ടോ: പിടിയിലായ പ്രതികൾ