തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേർ രോഗമുക്തരായി. കണ്ണൂരിൽ മൂന്നു പേർക്കും കാസർകോട്ട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ രണ്ട് പേർ വിദേശത്തുനിന്നു വന്നതാണ്. കണ്ണൂരും കാസർകോട്ടും ഒാരോരുത്തർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ രാവിലെ ഇടുക്കിയിൽ മൂന്നു പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി അത് സ്ഥിരീകരിച്ചില്ല. അവരുടെ പരിശോധനാഫലങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ജില്ലകളിലായി 20,773 പേരാണ് നിരീക്ഷണത്തിലുള്ളത്. 20,255പേർ വീടുകളിലും 518 പേർ ആശുപത്രികളിലുമാണ്. 151 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

100 ഹോട്ട്സ്പോർട്ടുകൾ; പുതിയത് 7

കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ഏഴ് സ്ഥലങ്ങളെ കൂടി ഹോട്ട് സ്‌പോട്ടായി ഉൾപ്പെടുത്തി. ഇടുക്കിയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി, കോട്ടയത്ത് മേലുകാവ്, ചങ്ങനാശേരി മുൻസിപ്പാലിറ്റി, മലപ്പുറത്ത് കാലടി, പാലക്കാട് ആലത്തൂർ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ ഹോട്ട് സ്‌പോട്ടുകൾ 100 ആയി.

പ്രത്യേക പദ്ധതി മൂന്നിനുശേഷം

മേയ് മൂന്നിനുശേഷം സംസ്ഥാനത്തെ കാര്യങ്ങൾ എങ്ങനെ വേണമെന്നതുസംബന്ധിച്ച് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ മാസ്ക് കർശനമാക്കണം. വരും നാളുകളിൽ മാസ്ക് ജീവിതത്തിന്റെ ഭാഗമാണ്. സ്കൂളുകൾ, യാത്രകൾ, മറ്റു പൊതുയിടങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസ്ക് വേണം. അടുത്ത ദിവസങ്ങളിലായി വാഹനങ്ങൾ കൂടുതലായി പുറത്തിറക്കുകയും സാമൂഹിക അകലം പാലിക്കാതെ ആളുകൾ കമ്പോളങ്ങളിൽ ഇടപഴകുകയും ചെയ്യുന്നു. ഇത് നിയന്ത്രിക്കാൻ പൊലീസിനും ജില്ലാ ഭരണകൂടത്തിനും കർശന നിർദ്ദേശം നൽകി.