ph

തിരുവനന്തപുരം :കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി വീട്ടിലേക്ക് മടങ്ങിയതോടെ ജില്ല കൊവിഡ് മുക്തമായി. മണക്കാട് സ്വദേശി ഫാത്തിമ ബീവിയും (80), വർക്കല സ്വദേശി ബൈജുവും (45) ഇരുവരും ഇന്നലെ ഉച്ചയോടെ ആശുപത്രിവിട്ടു. മികച്ച ചികിത്സയാണ് ലഭിച്ചതെന്ന് ഫാത്തിമ ബീവിയും ബൈജുവും പറഞ്ഞു.

60 വയസിന് മുകളിലുള്ളവർ ഹൈ റിസ്‌കിൽ വരുമ്പോഴാണ് 80 വയസുള്ളയാളെ കൊവിഡിൽ നിന്നു മെഡിക്കൽകോളേജ് രക്ഷിച്ചെടുത്തത്. നേരത്തെ കൊവിഡ് രോഗം ഭേദമായിപ്പോയ സുബൈർ സൈനുദ്ദീന്റെ (61) അമ്മയാണ് ഫാത്തിമ ബീവി.തുടർച്ചയായി നാലു പ്രാവശ്യം പോസിറ്റീവായതിനു ശേഷമാണ് മികച്ച ചികിത്സയിലൂടെ ഫാത്തിമ ബീവിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

ഷാർജയിൽ നിന്നെത്തിയ ബൈജുവിനെ ഈമാസം 23നാണ് മെഡിക്കൽകോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കൊപ്പം രണ്ടിടവിട്ടുള്ള ദിവസങ്ങളിലുള്ള രണ്ട് പരിശോധനകളും നെഗറ്റീവായതോടെയാണ് വീട്ടിലെ നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചത്. കളക്ടർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് യാത്രഅയപ്പ് നൽകിയത്. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ, മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ.അജയകുമാർ, ആശുപത്രി സൂപ്രണ്ട്‌ ഡോ.എം.എസ്. ഷർമ്മദ്, മെഡിസിൻ വിഭാഗം മേധാവി ഡോ. രവികുമാർ കുറുപ്പ്, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ആർ.എം.ഒ.മാർ, സെക്യൂരിറ്റി ഓഫീസർ, പി.ജി.ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവരും യാത്രഅയപ്പിൽ പങ്കെടുത്തു.