തിരുവനന്തപുരം: പഠിച്ചത് വൈദ്യശാസ്ത്രമാണെങ്കിലും മാധുരിയുടെ മനസിൽ മധുരം നിറച്ചത് നൃത്തമാണ്. എം.ബി.ബി.എസ് ജയിച്ച മാധുരി ഹർഷൻ മകൾ ജനിച്ചതോടെ ഡോക്ടർ ജോലി തത്കാലം മാറ്റിവച്ചെങ്കിലും നൃത്തത്തെ ചേർത്തുനിറുത്തി. തിരുവനന്തപുരം കുമാരപുരത്തെ വൈഷ്ണവം എന്ന വീട്ടിൽ ഓൺലൈനായി നൃത്തം പഠിപ്പിക്കുന്നതിന്റെ തിരക്കിലാണിപ്പോൾ ഡോക്ടർ.
ലോക്ക് ഡൗൺ തുടങ്ങിയതോടെ ഓൺലൈനായി നൃത്തപരിശീലനം തുടർന്നുകൂടേയെന്ന് പരിചയക്കാർ ചോദിച്ചപ്പോഴാണ് അതിനെപ്പറ്റി ആലോചിച്ചത്. കുച്ചിപ്പുടി ക്ലാസുകൾ ആരംഭിക്കുന്നതായി കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടു. താത്പര്യമുള്ളവർക്കായി ഡാൻസ് വീഡിയോകൾ അയച്ചുകൊടുത്തു. കുച്ചിപ്പുടിയുടെ പ്രാഥമിക പാഠങ്ങൾ, മുദ്രകൾ, ചരിത്രം തുടങ്ങി തുടക്കക്കാർക്കും പഠിക്കാൻ പറ്റുന്ന രീതിയിലാണ് വീഡിയോകൾ. വീഡിയോ അയച്ചതിന്റെ തൊട്ടടുത്ത ദിവസം വിദ്യാർത്ഥികളുമായി സ്കൈപ്പ് വഴി വീഡിയോ കോൺഫറൻസ് നടത്തി. ഏഴ് വയസുകാരി ശിവാനി മുതൽ വീട്ടമ്മമാർ, വിദ്യാർത്ഥികൾ, ഡോക്ടർമാർ തുടങ്ങിയവർ മാധുരിയിൽ നിന്ന് നൃത്തം പഠിക്കുന്നു.
മൂന്ന് വയസുമുതൽ നൃത്തം മാധുരിയുടെ കൂടെയുണ്ട്. കുച്ചിപ്പുടിയോടായിരുന്നു പ്രണയം. എറണാകുളത്ത് അമൃതയിൽ എം.ബി.ബി.എസിന് പഠിക്കുമ്പോഴും ആഴ്ചതോറും തിരുവനന്തപുരത്തെത്തി നൃത്തപരിശീലനം തുടർന്നു. നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ 'യൂണിവേഴ്സിറ്റി ഒഫ് സിലിക്കോൺ ആന്ധ്ര'യിൽ നിന്ന് കുച്ചിപ്പുടിയിൽ എം.എ ചെയ്യുന്നുണ്ടിപ്പോൾ.
ഭർത്താവ് ഡോ. ഹരീഷ് പ്രഭുവാണ് വീഡിയോ എടുക്കുന്നതും തുണയായി കൂടെനിൽക്കുന്നതും. അച്ഛൻ ഡോ. ഹർഷ കുമാറിന്റെയും അമ്മ ഷീജയുടെയും പൂർണ പിന്തുണയുമുണ്ട്.
''ഏഴ് മാസം പ്രായമുള്ള മകൾ ഷനായയ്ക്ക് രണ്ട് വയസാകുമ്പോഴേക്കും കുച്ചിപ്പുടിയിൽ എം.എ പഠനം പൂർത്തിയാക്കണം. ഉടനെ മെഡിക്കൽ രംഗത്തേക്ക് തിരിച്ചുവരണം. വൈദ്യവും നൃത്തവും ഇടകലർന്ന സ്വപ്നങ്ങളുണ്ട് മനസിൽ.
-ഡോ. മാധുരി ഹർഷൻ