secretariat

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ഹൈക്കോടതി തടഞ്ഞതിനെ തുടർന്നുള്ള അനിശ്ചിതത്വം നിലനിൽക്കേ ഈ മാസത്തെ ശമ്പളവിതരണം വൈകുമെന്ന സൂചന. ശമ്പളക്കാര്യത്തിലും കോടതിവിധിയിലും
എന്തുനിലപാടെടുക്കണമെന്ന് ഇന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും.

ജീവനക്കാരുടെ ശമ്പളത്തിൽ ഒരുഭാഗം പിടിക്കണമെന്നു തന്നെയാണ് സർക്കാരിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകണമെന്നും ശമ്പളം പിടിക്കാനുള്ള എക്സിക്യൂട്ടീവ് ഓർഡറിന് പകരം ഓ‌‌ർഡിനൻസ് ഇറക്കണമെന്നും അഭിപായം ഉയർന്നിട്ടുണ്ട്.‌‌

ഈ മാസത്തെ മുതൽ അഞ്ച് മാസത്തേക്ക് അഞ്ചിലൊന്ന് ശമ്പളം പിടിക്കാനായിരുന്നു തീരുമാനം. അതിന്റെ കണക്കുകൾ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. സ്പാർക്കിലാണ് ശമ്പള ബിൽ തയ്യാറാക്കുന്നത്. ശമ്പളത്തിൽ നിന്ന് നിർബന്ധമായി പിടിക്കേണ്ട ജി.പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്, ജനറൽ ഇൻഷ്വറൻസ് എന്നിവയ്ക്ക് പുറമേ വായ്പകളുടെ തിരിച്ചടവും നോക്കി വേണം അഞ്ചിലൊന്ന് പിടിക്കാൻ. ഇതിന് അനുസരിച്ച് ജീവനക്കാരിൽ നിന്ന് ഓപ്ഷനുകൾ വാങ്ങുന്നതടക്കമുള്ള പ്രവർത്തനം ഡി.ഡി.ഒ മാർ നടത്തുമ്പോഴാണ് സ്റ്രേ വന്നിരിക്കുന്നത്. സർക്കാർ അപ്പീലിന് പോയാൽ വിധി വരെ കാത്തിരിക്കേണ്ടിവരും. ഇല്ലെങ്കിൽ പഴയതു പോലെ ശമ്പളം നൽകാൻ സ്പാർക്കിൽ വീണ്ടും മാറ്റം വരുത്തേണ്ടി വരും. ഇതിന് സമയമെടുക്കും.

ശമ്പളത്തിനുള്ള പണം സർക്കാരിന്റെ കൈവശമില്ലെന്നാണ് സൂചന. നേരത്തെ റിസർവ് ബാങ്ക് വഴി കടപ്പത്രത്തിലൂടെ 3000 കോടി രൂപ സമാഹരിച്ചത് അധിക പലിശയ്ക്കാണെന്ന വിമർശനമുയർന്നിട്ടുണ്ട്. അതിനാൽ ചെറിയ തുക മാത്രമേ എടുക്കാൻ കഴിയൂ. അടുത്ത വായ്പയ്ക്കുള്ള ഫയലിൽ ബന്ധപ്പെട്ടവർ ഒപ്പിട്ടില്ല. ഈ വായ്പ കിട്ടാതെ ശമ്പളം കൊടുക്കാൻ തികയില്ലെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാലും ഈ മാസത്തെ ശമ്പളം വൈകാനിടയാകും.