ravikumar-docter

തിരുവനന്തപുരം: ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം പൂജ്യമാണ്. ഏവർക്കും ആശ്വാസം പകരുന്ന ആ ധന്യ മുഹൂർത്തത്തിന് വേണ്ടി വിയർപ്പൊഴുക്കിയവർ നിരവധിയാണ്. എന്നാൽ ഇക്കാലയളവിൽ വിശ്രമമെന്തെന്നറിയാതെ പ്രവൃത്തി പഥത്തിൽ അസാമാന്യ കരുത്തോടെ നിറഞ്ഞുനിന്ന ഒരു നിശബ്ദ പോരാളിയുണ്ട്,​ ഈ വിജയത്തിന് ചുക്കാൻ പിടിച്ച മെഡിസിൻ വിഭാഗം തലവൻ 61കാരനായ ഡോ. രവികുമാർ കുറുപ്പ്. എന്നാൽ ഈ വിജയം തന്റേതു മാത്രമല്ലെന്നും തനിക്കൊപ്പം പ്രവർത്തിച്ച ശുചീകരണത്തൊഴിലാളിക്കുവരെ അത് അവകാശപ്പെട്ടതാണെന്ന പക്ഷക്കാരനാണ് അദ്ദേഹം. രോഗികൾക്കു വേണ്ടി വിശ്രമരഹിതമായി പണിയെടുത്തുനേടിയ വിജയത്തിൽ രവികുമാർ സാറിന്റെ പങ്ക് നിസ്‌തുലമാണെന്ന് സഹപ്രവർത്തകരും അദ്ദേഹത്തിന്റെ ശിഷ്യരും പറയുന്നു. മെഡിക്കൽ കോളേജിൽ ചികിത്സിച്ച 17 രോഗികളിൽ 16 പേരെയും രക്ഷിക്കാൻ കഴിഞ്ഞു. കൊവിഡ് സംശയിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 499 പേരിൽ 451 പേരും വീടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. പുലർച്ചെ മൂന്നു മണിയാണെങ്കിലും ചികിത്സയുമായി ബന്ധപ്പെട്ട സകല വിശദാംശങ്ങളും കേട്ട് ഫോണിന്റെ അപ്പുറത്ത് ഡോക്ടറുണ്ടാകുന്നത് ജൂനിയർ ഡോക്ടർമാരെയും അദ്ഭുതപ്പെടുത്തുന്നു.