ബാലരാമപുരം: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ശാന്തിപുരം സുലോചനാ ഭവനിൽ സുനിൽകുമാറിന്റെ (48)​ വീടിന്റെ കോമ്പൗണ്ടിൽ നിന്ന് എട്ടര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ബാലരാമപുരം സി.ഐ ജി.ബിനുവിന്റെ നേത്യത്വത്തിൽ ആയിരുന്നു പരിശോധന . പൊലീസ് എത്തിയപ്പോഴേക്കും വീടിന്റെ പിന്നിലെ വാതിൽവഴി ഇയാൾ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസമായി ഇവിടെ ചാരായം വാറ്റി വിൽപ്പന നടത്തിവരുകയായിരുന്നു. ബാലരാമപുരം എസ്.ഐ വിനോദ് കുമാർ,​ അഡിഷണൽ എസ്.ഐ തങ്കരാജ്,​ എ.എസ്.ഐ പ്രശാന്ത്,​സി.പി.ഒ സജിത്ത് ലാൽ,​ ബിജു,​ രാജൻ എന്നിവരുടെ നേത്യത്വത്തിൽ ആയിരുന്നു പരിശോധന. അബ്കാരി നിയമപ്രകാരം കേസെടുത്തു.