gulf-

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വിമാന സർവീസ് അനുവദിക്കുന്ന മുറയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നേതൃത്വത്തിൽ സെക്രട്ടറിതല സമിതിയെ നിയോഗിച്ചു. ഇന്നലെ സമിതി യോഗം ചേർന്ന് വിവിധ വകുപ്പുകളുമായി ചർച്ച നടത്തി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്നവരെ സംസ്ഥാന അതിർത്തിയിൽ പരിശോധിക്കും.എത്തുന്ന സമയം,​ പോകേണ്ട സ്ഥലം,​ ക്വാറന്റൈൻ എന്നിവ എല്ലാ വകുപ്പുകളുമായും ആലോചിച്ച് തീരുമാനിക്കും. മറ്റ് സംസ്ഥാനങ്ങളുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേരെത്തുക.വിമാനങ്ങളിൽ വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുമ്പ് ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ, വിദേശകാര്യ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സജ്ജീകരണങ്ങൾ

*വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികൾ കമ്മിറ്റിയിൽ.

*വിമാനത്താവളങ്ങളിൽ വൈദ്യപരിശോധനയ്ക്ക് ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയോഗിക്കും.

* ഓരോ വിമാനത്താവളത്തിന്റെയും പരിധിയിൽ വരുന്ന ജില്ലകൾ, ക്വാറന്റൈൻ ചെയ്യപ്പെടുന്നവർ എന്നിവരെയെല്ലാം നിരീക്ഷിക്കുന്നതിന്റെ മേൽനോട്ടച്ചുമതല ഡി.ഐ.ജിമാർക്ക്.

* രോഗലക്ഷണമില്ലാത്തവരെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് വീടുകളിലെത്തിക്കും.

* വൈദ്യപരിശോധനയ്ക്ക് സ്വകാര്യ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും.

* ആരോഗ്യപ്രവർത്തകർ കൃത്യമായ ഇടവേളകളിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സന്ദർശിക്കും.

* നിരീക്ഷണത്തിലുള്ളവർ സ്വന്തം ആരോഗ്യനിലയെക്കുറിച്ച് മൊബൈലോ സമൂഹമാദ്ധ്യങ്ങളോ വഴി ആരോഗ്യപ്രവർത്തകരെ അറിയിക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ വീട്ടിൽ​ പോയി വിവരം ശേഖരിക്കും.

*വിമാനത്താവളങ്ങളിൽ വിവിധ വകുപ്പുകളുടെയും എയർപോർട്ട് അതോറിട്ടിയുടെയും പ്രതിനിധികളടങ്ങിയ കൺട്രോൾ റൂമുണ്ടാകും.

* വാഹനങ്ങളുടെ ക്രമീകരണച്ചുമതല ജില്ലാകളക്ടർക്കും ജില്ലാപൊലീസ് മേധാവിക്കും മോട്ടോർ വാഹന വകുപ്പിനുമായിരിക്കും.

* പ്രവാസികളെ താമസിക്കുന്നതിന് എയർപോർട്ടുകൾക്ക് സമീപം സൗകര്യമൊരുക്കും. ആശുപത്രികളും സജ്ജമാക്കും.

*. കപ്പൽ വഴി പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചാൽ തുറമുഖങ്ങൾ കേന്ദ്രീകരിച്ചും ആവശ്യമായ സജ്ജീകരണമൊരുക്കും