തിരുവനന്തപുരം:ലോക്ക് ഡൗൺ ലംഘിച്ചതിന് തിരുവനന്തപുരം റൂറൽ പൊലീസ് ഇന്നലെ 539 കേസുകളിലായി 546 പേരെ അറസ്റ്റു ചെയ്തു. 328 വാഹനങ്ങൾ പിടിച്ചെടുത്തു. തമിഴ്നാട്ടിലെയും കൊല്ലം ജില്ലയിലെയും അതിർത്തികൾ അടച്ച് കർശന പരിശോധന തുടരുകയാണെന്ന് റൂറൽ എസ്.പി ബി.അശോകൻ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയതിന് വർക്കലയിൽ 37, വെഞ്ഞാറമൂട്ടിൽ 29, നെടുമങ്ങാട്ട് 61, ബാലരാമപുരത്ത് 22 വീതം കേസുകൾ രജിസ്റ്റർ ചെയ്തു. വർക്കല ഹെലിപാഡിന് സമീപം ഹെറിറ്റേജ് കോസ്‌മെറ്റിക് സ്റ്റോർ നടത്തുന്ന പുന്നമൂട് നന്ദനം വീട്ടിൽ ജയകുമാറിനെ 1.47 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റുചെയ്തു. വീട്ടിൽ വ്യാജ ചാരായം നിർമ്മിച്ചതിന് വേങ്കൊല്ല ഷിബുഭവനിൻ ഷിബുവിനെയും സഹായി എക്സ് സർവീസസ്‌മെൻ കോളനിയിൽ രാമചന്ദ്രനെയും പിടികൂടി. റസൽപുരത്ത് താമസിക്കുന്ന കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ സുനിൽകുമാറിനെ വീടിന് പിറകുവശത്ത് വ്യാജചാരായ നിർമ്മാണം നടത്തുന്നതിനിടെ 4.5 ലിറ്റർ ചാരായവുമായി പിടികൂടി. കുഴിയം ആസ്പിൻവാൾ കമ്പനിക്ക് സമീപം പുരയിടത്തിൽ വ്യാജവാറ്റ് നടത്തിയ അനിൽകുമാറിനെ ചിറയിൻകീഴ് പൊലീസ് പിടികൂടി. ചിറയിൻകീഴ് കാട്ടുമുദാക്കൽ പള്ളിക്ക് സമീപം വീടിനകത്ത് വ്യാജവാറ്റ് നടത്തിയ ലാലു, ഷിബു എന്നിവരെ അറസ്റ്റ് ചെയ്തു. അരുവിപ്പുറം ധന്യാവിലാസത്തിൽ രാജേന്ദ്രനെ വീട്ടിൽ നിന്ന് 40 ലിറ്റർ കോടയും 1 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി അറസ്റ്റ് ചെയ്തു.
18 ബോർഡർ ചെക്കിംഗ് പോയിന്റുകളിലും ശക്തമായ വാഹന പരിശോധന തുടരുകയാണ്. പരമ്പരാഗത നടപ്പാതകളിലൂടെയും ഊടുവഴികളിലൂടെയും ഒളിച്ചുകടക്കാൻ ശ്രമിക്കുന്നവരെ തടയുന്നതിന് പഴുതടച്ച പൊലീസ് പട്രോളിംഗുമുണ്ട്. കടമ്പാട്ടുകോണത്ത് കൊല്ലത്തു നിന്ന് ഉള്ളി കയറ്റി വന്ന ലോറിയുടെ പിന്നിൽ പതുങ്ങിയിരുന്ന് ഒളിച്ചുകടക്കാൻ ശ്രമിച്ച ഷെരീഫുൾ ഹഖ്, സക്കീർ ഹുസൈൻ, മഷീദുർ റഹ്മാൻ, ആമീൻ എന്നിവരെ അറസ്റ്റ് ചെയ്തു.