തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ ഭാഗമായി നഗരത്തിൽ കർശന പൊലീസ് പരിശോധന. ഹോട്ട് സ്‌പോട്ടുകളായ അമ്പലത്തറ, കളിപ്പാംകുളം വാർഡുകളിലെ അതിർത്തി അടച്ചാണ് പരിശോധന. ഇന്നലെ ലോക്ക് ഡൗൺ ലംഘനം നടത്തിയ 267 പേർക്കെതിരെ കേസെടുത്തു. 229 വാഹനങ്ങളും പിടിച്ചെടുത്തു. ഇരട്ട അക്ക വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാവൂ എന്ന നിർദ്ദേശം ലംഘിച്ചതിന് 200 വാഹന ഉടമകൾക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 68 പേർക്കെതിരെയും കേസെടുത്തു. ഹോട്ട് സ്‌പോട്ടുകളായ അട്ടക്കുളങ്ങര ജംഗ്ഷൻ,തിരുവല്ലം എന്നിവിടങ്ങളിലൂടെ മാത്രമേ പ്രവേശനമുള്ളൂ.നഗര പ്രദേശങ്ങളിൽ സർക്കാർ അനുവദിച്ചിട്ടുള്ള ലോക്ക് ഡൗൺ ഇളവ് പ്രകാരം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്കത്തിൽ അവസാനിക്കുന്നതും ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പരുള്ള വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങാൻ പാടുള്ളൂ. ഇന്ന് ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പരുള്ള വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങാൻ അനുവദിക്കൂവെന്ന് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. അവശ്യ സേവനത്തിനുള്ള വാഹനങ്ങൾക്ക് ഇത് ബാധകമല്ല.