തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായി രണ്ടു വർഷം പിന്നിടുമ്പോൾ, കേസിൽ ക്രൈം ബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിലുണ്ടായേക്കും.

2018 മാർച്ച് 22 നാണ് ജെസ്നയെ കാണാതായത്.മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിലെത്തിയതായി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടിൽ നിന്ന് പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുപോയിരുന്നില്ല. വീട്ടിലെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.

തുടർന്ന് തിരുവല്ല ഡിവൈ.എസ്പിയുടെയും, ഐ.ജി മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ജെസ്നയെ കണ്ടെത്തുന്നവർക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ഇനാം അഞ്ചു ലക്ഷമാക്കി.മലപ്പുറത്തെ കോട്ടക്കുന്നിൽ ജെസ്നയെ കണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലും വെറുതെയായി പിന്നീടാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് അന്വേഷണം.