തിരുവനന്തപുരം: മൂല്യനിർണയത്തിലെ വീഴ്ച കാരണം ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ കൂട്ടത്തോൽവിയെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് ആരോഗ്യസർവകലാശാല.
ഒന്നും രണ്ടും മാർക്കിന്റെ വ്യത്യാസത്തിൽ നിരവധി കുട്ടികൾ പരാജയപ്പെട്ടെന്ന പരാതികൾ ലഭിച്ചിട്ടില്ല. ഒരു വിഷയത്തിന് മാത്രം പരാജയപ്പെടുന്നവർക്ക് വിജയിക്കാനായി അഞ്ച് മാർക്ക് മോഡറേഷനായി നൽകുന്നുണ്ട്. മോഡറേഷൻ കിട്ടാൻ ഒരു മാർക്കിന്റെ കുറവുള്ളവരാണോ പരാതിക്കാരെന്ന് പരിശോധിക്കണം. മൂല്യനിർണയത്തിൽ പാളിച്ചയുണ്ടാകാനിടയില്ല. എല്ലാ വിഷയങ്ങൾക്കും ഇരട്ടമൂല്യനിർണയമാണ്.. രണ്ടിന്റെയും ശരാശരി മാർക്കാണ് നൽകുക. ആക്ഷേപമുള്ള കുട്ടികൾക്ക് പ്രോ വൈസ്ചാൻസലർ അദ്ധ്യക്ഷനായ ബോർഡ് ഒഫ് അഡ്‌ജുഡിക്കേഷനിൽ കോളേജ് പ്രിൻസിപ്പൽ വഴി പരാതിപ്പെടാം. ഇതിനായി ആദ്യം ഉത്തരക്കടലാസിന്റെയും സ്കോർ ഷീറ്റിന്റെയും പകർപ്പെടുത്ത് പരിശോധിച്ച് മൂല്യനിർണയത്തിലെ പിഴവ് കണ്ടെത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാവണം അപേക്ഷിക്കേണ്ടത്. എല്ലാ വിദ്യാർത്ഥികൾക്കും ഇതിനുള്ള അവസരമുണ്ട്. പരാതിക്കാരെ ഹിയറിംഗ് നടത്തി, ആക്ഷേപം ശരിയെന്ന് ബോദ്ധ്യമായാൽ തിരുത്തുമെന്നും സർവകലാശാല അറിയിച്ചു.