തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ 20 ഏക്കറിൽ നെല്ലും അഞ്ചേക്കറിൽ കിഴങ്ങ് വർഗങ്ങളും കൃഷി ചെയ്യാൻ സിൻഡിക്കേറ്ര് യോഗം തീരുമാനിച്ചു. ലോക്ക് ഡൗൺ കാലത്ത് സർവകലാശാല ഹോസ്റ്റലുകളിൽ തങ്ങേണ്ടി വന്ന വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഫീസിൽ പൂർണ ഇളവ് നൽകും.
സർവകലാശാല സസ്യശാസ്ത്ര പരിസ്ഥിതി വകുപ്പുകളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. വിദ്യാർഥികളുടെ പങ്കാളിത്തത്തോടുകൂടി ആയിരിക്കും കൃഷി. കാർഷികവൃത്തിയിൽ ഏർപ്പെടുന്നതിന് സ്വയം സന്നദ്ധരായി വരുന്ന വിദ്യാർത്ഥികൾക്ക് കാർഷിക ഫെലോഷിപ്പ് ഏർപ്പെടുത്തും. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ കമ്മ്യൂണിറ്റി ഫാർമിംഗ് ക്ലബ്ബുകൾ രൂപീകരിക്കും. കൃഷിയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കോളജുകൾക്ക് ഹരിതാലയം അവാർഡ് ഏർപ്പെടുത്തും. എൻ.എസ്.എസിനെ വരും വർഷങ്ങളിൽ പൂർണമായും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയോഗിക്കും. കോളേജുകളിലെ സന്നദ്ധ സേനയും പാലിയേറ്റീവ് അംഗങ്ങളും യോചിച്ച് രക്തദാനം നടത്തും.
കാര്യവട്ടം കാമ്പസിലെ കമ്യൂണിറ്റി ലബോറട്ടറിപ്രവർത്തിപ്പിക്കാനും ആരോഗ്യ ശുചിത്വ സംരക്ഷണ സാമഗ്രികൾ കൂടുതലായി ഉത്പാദിപ്പിക്കാനും തീരുമാനിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർവകലാശാലയുടെ സാങ്കേതിക ഉപകരണങ്ങൾ സർക്കാരിന് വിട്ടു നൽകും.