thampanoor

തിരുവനന്തപുരം: ഇന്നലെ വൈകിട്ടോടെ നഗരത്തിൽ പെയ്ത വേനൽ മഴയിൽ വ്യാപക നാശം. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഇടിമിന്നലോടുകൂടിയ മഴയിലും കാറ്റിലും നഗരം വെള്ളക്കെട്ടായി. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി. വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തിയതോടെ മണിക്കൂറുകളോളം വൈദ്യുതിയും മുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുലയനാർകോട്ടയിൽ ആർ.സി.സിക്ക് വേണ്ടി പണിയുന്ന കെട്ടിടത്തിനു സമീപത്തെ മണ്ണിടിഞ്ഞ് ഏഴു വീടുകൾക്കുള്ളിൽ മണ്ണിറങ്ങി. രാത്രിയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രനും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. യൂണിവേഴ്സിറ്റി ലൈബ്രറി പരിസരത്ത് നിന്ന മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സെത്തിയാണ് മരം മുറിച്ചുനീക്കിയത്. ഇടിമിന്നലിൽ വെൺപാലവട്ടം എസ്.ബി.ഐ ബാങ്കിനുള്ളിൽ തീപിടിത്തമുണ്ടായി. ചാക്കയിൽ നിന്നു ഫയർഫോഴ്‌സെത്തി തീയണച്ചു. കാര്യമായ നാശനഷ്ടം ഉണ്ടായില്ല.

കണ്ണമ്മൂല പുത്തൻപാലം കോളനിയിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. വീടിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തി. വിദ്യാധിരാജ നഗറിൽ വീടിനു മുകളിൽ തെങ്ങ് വീണു. പട്ടം പ്ലാമൂട്, കവടിയാർ, ശാസ്തമംഗലം, മണക്കാട്, പേട്ട, കണ്ണമ്മൂല, വേളി, കരിക്കകം, ശംഖുംമുഖം, ആനയറ, മെഡിക്കൽകോളേജ്, പൂജപ്പുര, തിരുമല, വലിയതുറ, പേട്ട ഭഗത് സിംഗ് നഗർ, കേരളകൗമുദി റോഡ്, പുലയനാർകോട്ട, കണ്ണമ്മൂല, ഗൗരീശപട്ടം, പൊട്ടക്കുഴി, ഈഞ്ചക്കൽ, പൂന്തുറ, കരിക്കകം എസ്.എൻ.ഡി.പി മന്ദിരത്തിനു സമീപം, കണ്ണമ്മൂല ഗ്യാസ് ഏജൻസി റോഡ് തുടങ്ങിയ ഇടങ്ങളിലും മരം വീണു. ഇടിമിന്നലിൽ നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.

മരം വീണത്

ചെങ്കൽചൂള ഫയർസ്റ്റേഷൻ പരിധിയിൽ - 50ഓളം സ്ഥലങ്ങളിൽ

ചാക്ക സ്റ്റേഷൻ പരിധിയിൽ 15 ഇടങ്ങളിൽ

 റോഡുകളിൽ വെള്ളക്കെട്ട്

തമ്പാനൂരിലും കിഴക്കേകോട്ടയിലും റോഡുകളിൽ വലിയരീതിയിൽ വെള്ളക്കെട്ടുണ്ടായി. തമ്പാനൂർ ഗണപതി ക്ഷേത്രത്തിൽ വെള്ളം കയറി. എസ്.എസ് കോവിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. കവടിയാർ, ചാക്ക, പേട്ട, സ്റ്റാച്യു, കഴക്കൂട്ടം എന്നിവിടങ്ങളിലും റോഡുകൾ വെള്ളത്തിലായി. പാർവതി പുത്തനാറും തെറ്റിയാറും കരകവിഞ്ഞ് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. മരപ്പാലം കേണി റോഡിലെ വീടുകളും വെള്ളത്തിലായി.

 പൊലീസ് ഷെഡുകൾ തകർന്നു

ശക്തമായ കാറ്റിൽ പരിശോധനയ്ക്കായി വിവിധയിടങ്ങളിൽ നിർമ്മിച്ച പൊലീസിന്റെ താത്കാലിക ഷെഡുകൾ മറിഞ്ഞുവീണു. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഷെഡ് തകർന്ന് വെള്ളക്കെട്ടിൽ വീണു. സ്റ്റാച്യുവിലുള്ളത് പറന്ന് റോഡിന് നടുവിൽ വീണു.