ഇടുക്കി: റെഡ്സോണായ ഇടുക്കിയിൽ നിയമലംഘനങ്ങളിൽ നടപടി കടുപ്പിച്ച് അധികൃതര്‍. ജില്ല മുഴുവൻ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കൊവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ മാസ്ക്ക് നിർബന്ധമാക്കിയിരുന്നു.മാസ്ക്ക് വയ്ക്കാതെ പുറത്തിറങ്ങിയ 118 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഇടുക്കിയിലേക്കുള്ള നാല് പ്രധാന പാതകളിലും 25 ഇടവഴികളിലും കർശന പരിശോധനകൾ ഉണ്ടാകും. 78 സ്ഥലത്ത് പിക്കറ്റ് പോസ്റ്റുകളും 58 ബൈക്ക് പട്രോളും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ലോക്ക്ഡൗണ്‍ പാലിക്കാതെ കടകൾ തുറന്നിരുന്നു.ഇനി മുതൽ ഇതിൽ ഉപദേശമുണ്ടാവില്ല, മറിച്ച് കേസെടുക്കുക തന്നെ ചെയ്യും.
അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി. മറ്റ് ലോക്ക്ഡൗണ്‍ നിയമലംഘനങ്ങളിൽ 216 പേർക്കെതിരെയും കേസുണ്ട്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുകയോ വാഹനങ്ങളിൽ യാത്രയോ പാടില്ലെന്നാണ് പൊലീസ് മുന്നറിയിപ്പ്. ഇത് ഉറപ്പാക്കാൻ പരിശോധനകളും കർശനമാക്കി. രണ്ട് എസ്.പിമാരുടെ നേതൃത്വത്തിൽ ആകെ 1559 പൊലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്.