കോട്ടയം: സംസ്ഥാനത്തെ റെഡ്സോൺ ജില്ലയായ കോട്ടയത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. 395 പേരുടെ സ്രവ പരിശോധനാ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഒരാഴ്ച്ചക്ക് ശേഷം ഇന്നലെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് കോട്ടയത്തിന് ആശ്വാസമായി.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന 14 ഇടങ്ങളിലും പരിശോധന കർശനമാക്കി. ഇടവഴികളിലും നിരീക്ഷണമേര്‍പ്പെടുത്തി. രോഗികളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന കണ്ടെയ്ൻമെന്റ് മേഖലകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്രാ വിലക്ക് ഏർപ്പെടുത്തി.
കോട്ടയത്ത് 1040 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചു. ജില്ലയിൽ എട്ട് പഞ്ചായത്തുകളും ചങ്ങനാശേരി നഗരസഭയും തീവ്രബാധിത മേഖലയാണ്. സാമൂഹ്യ വ്യാപന സാധ്യയുണ്ടോയെന്നറിയാൻ ജില്ലയിൽ റാപ്പിഡ് ടെസ്റ്റുകൾ പുരോഗമിക്കുകയാണ്.