കോഴിക്കോട്: കാസർക്കോടിനും കണ്ണൂരിനും പിന്നാലെ കോഴിക്കോട്ടും കൊവിഡ് രോഗികളുടെ വിവരം ചോർന്നതായി സംശയം. രോഗം മാറി വീട്ടിൽ കഴിയുന്ന വടകര വില്യാപ്പളളി സ്വദേശിക്ക് ബംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നും ഫോൺ കോളുകൾ എത്തിയതോടെയാണ് ഈ സംശയം ഉയർന്നത്.
അഞ്ച് ദിവസം മുമ്പാണ് വില്യാപ്പിള്ളി സ്വദേശിക്ക് ആദ്യ കോൾ വന്നത്. ബംഗളൂരുവിലെ കൊവിഡ് ഓഫീസിൽ നിന്നെന്ന് പറഞ്ഞശേഷമായിരുന്നു സംസാരം.വിളിച്ചയാൾ ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. രോഗ വിവരങ്ങൾ ചോദിച്ച ശേഷം വിലാസം ശരിയാണോയെന്നും ഉറപ്പാക്കി. രണ്ട് ദിവസം മുമ്പ്ഡൽഹിയിൽ നിന്നും ഫോൺ കോൾ വന്നു. ഇവർ ഹിന്ദിയിലും മലയാളത്തിലും സംസാരിച്ചു. കൊവിഡ് കൗൺസിലിംഗ് എന്ന് പറഞ്ഞാണ് വിളിച്ചത്. താൻ രോഗം ഭേദമായ വ്യക്തിയാണെന്ന് പറഞ്ഞപ്പോൾ ഓരോരുത്തരെയായി വിളിച്ച് വരുന്നേ ഉള്ളൂ എന്നായിരുന്നു മറുപടി.
കണ്ണൂരിലും കാസർകോട്ടും രോഗികളുടെ വിവരം ചോർന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വിളിവന്ന രണ്ട് നമ്പറുകളിലേക്കും തിരിച്ച് വിളിച്ചെങ്കിലും ഈ നമ്പർ നിലവിലില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. വിളിച്ച വിവരം കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറും സ്ഥിരീകരിച്ചു. വിവരശേഖരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകുമെന്നുമാണ് ഡി.എം.ഒ പറയുന്നത്.
നേരത്തേ കണ്ണൂരിലും കാസർകോട്ടും രോഗംഭേദമായവരെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർ വിളിച്ചിരുന്നു.പൊലീസിന്റെ പക്കലുള്ള വിവരങ്ങൾ ചോർന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.