ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ പെരിയ കൂട്ടക്കൊല കേസിലെ അഭിഭാഷകർക്ക് വക്കീൽ ഫീസ് അനുവദിച്ചു.കേസ് വാദിക്കാനായി എത്തിയ ഡൽഹിയിൽ നിന്നുള്ള അഭിഭാഷകർക്കാണ് വക്കീൽ ഫീസ് അനുവദിച്ചിരിക്കുന്നത്. പെരിയ കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരായാണ് അഭിഭാഷകർ കോടതിയിൽ ഹാജരായത്. എന്നാൽ അഭിഭാഷകർക്ക് നൽകിയ തുക വ്യക്തമാക്കിയിട്ടില്ല.
അഭിഭാഷകരായ മന്ദീർ സിംഗിനും പ്രഭാസ് ബജാജിനും യാത്രയ്ക്കും താമസത്തിനുമാണ് പണം അനുവദിച്ചത്. രണ്ട് പേരുടെയും ബിസിനസ് ക്ലാസ് വിമാന യാത്രക്കും ഹോട്ടൽ താമസത്തിനുമാണ് പണം അനുവദിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ തന്നെ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലൊന്നായിരുന്നു ഇത്.
പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സി.ബി.ഐക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസിൽ കുറ്റപത്രം റദ്ദാക്കി കേസ് സി.ബി.ഐക്ക് കൈമാറിയത്. 2019 ഓക്ടോബർ 25 ന് കേസ് എറ്റെടുത്ത സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ സർക്കാർ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് നിലവിൽ ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല.
സർക്കാർ അപ്പീലിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരായ മന്ദീർ സിങും പ്രഭാസ് ബജാജുമാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ഇവർക്കാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സർക്കാർ പണം അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.