ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1007 ആയി. 31,332 പേർക്കാണ് രോഗ ബാധ ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേർ മരിച്ചു. 1897 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 7696 പേർ ഇതുവരെ രോഗ മുക്തി നേടി.
മഹാരാഷ്ട്രയിൽ മരണം 400 കടന്നു. റെഡ് സോൺ ജില്ലകളുടെ എണ്ണം 177ൽ നിന്ന് 129 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും നൂറിലധിലധികം രോഗികൾ ഉള്ള ജില്ലകളുടെ എണ്ണം ഏഴിൽ നിന്ന് 24 ആയി വർദ്ധിച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഗ്രീൻസോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയർന്നു. അഞ്ച് നഗരങ്ങളിലാണ് രോഗബാധ പ്രധാനമായും ഉള്ളത്. എന്നാൽ, രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ 15 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു. അതേസമയം, മറ്റ് രോഗങ്ങൾക്ക് ആശുപത്രികൾ ചികിത്സ തേടുന്നവരോട് കൊവിഡ് പരിശോധനക്ക് നിർബന്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
സർക്കാർ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ച് മാത്രമെ കൊവിഡ് പരിശോധന നടത്തേണ്ടതുള്ളുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദ്ദേശം. കൊവിഡ് പരിശോധന ആവശ്യപ്പെട്ട് മറ്റ് അസുഖം ഉള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തം ഇടപെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച്, ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
സംസ്ഥാനത്തേക്ക് തിരികെയെത്തിയവർക്ക് പഞ്ചാബില്‍ 21 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി. ഡൽഹിയിലെ തീവ്രബാധിത മേഖലകൾ നൂറായി. സുപ്രീം കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന 36 പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി. നേരത്തെ സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.