ന്യൂഡൽഹി: എൽ.എൻ.ജെ.പി ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ കുടുംബത്തിലെ 11 പേർക്ക് കൊവിഡ് ബാധിച്ചു. ഇതോടെ ആശുപത്രി ജീവനക്കാർ കടുത്ത ആശങ്കയിലാണ്. രോഗികളിൽ നിന്ന് രോഗം പകരുന്നത് ആശുപത്രിയിലും ഡൽഹിയിലും അമ്പരപ്പ് ഉളവാക്കുന്നുണ്ട്.
ബി.ജെ.ആർ.എം ആശുപത്രിയിൽ 10 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 75 ആയി. അംബേദ്ക്കർ ആശുപത്രിയിൽ ഒമ്പത് ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ 38 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചത്. ഡൽഹിയിൽ മാത്രം രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 256 ആയി. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവരെ ആശുപത്രികൾ കൊവിഡ് പരിശോധനയ്ക്ക് നിർബന്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.