ലക്‌നൗ: മുസ്ളീങ്ങളായ പച്ചക്കറി കച്ചവടക്കാരിൽ നിന്ന് പച്ചക്കറി വാങ്ങരുതെന്ന വിവാദ പ്രസ്താവന നടത്തിയ ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ സുരേഷ് തിവാരിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. എം.എൽ.എയ‍്‍ക്കെതിരെ നടപടിയെടുക്കാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിർദേശിച്ചതിന് തൊട്ടുപിന്നാലെയാണ് നോട്ടീസ് നൽകിയത്.
വർഗീയ പരാമർശങ്ങൾ ഉണ്ടാകരുതെന്ന് താക്കീത് ചെയ്ത ജെ.പി.നഡ്ഡ ഇത്തരം സംഭവങ്ങൾക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കാൻ സംസ്ഥാന ഘടകത്തോട് നിർദ്ദേശിച്ചതായാണ് സൂചന. എം.എൽ.എ വിവാദ പ്രസംഗം നടത്തി ഒരാഴ്ചയായിട്ടും നടപടിയെടുക്കാതിരുന്നതിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കൊവിഡ് പരത്താനായി പച്ചക്കറികളിൽ മുസ്ലീങ്ങളായ കച്ചവടക്കാർ തുപ്പുന്നുവെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് താൻ ഇങ്ങനെ പറഞ്ഞതെന്നായിരുന്നു സുരേഷ് തിവാരി ഇന്നലെ പറഞ്ഞത്. തിവാരിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.