doctors

തിരുവനന്തപുരം- സംസ്ഥാനത്ത് റെഡ് സോണുകളായി തുടരുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിൽ അതീവ ജാഗ്രത തുടരുന്നു. റെഡ് സോണുകൾ പൂർണമായും അടച്ച് പരിശോധനകൾ കർശനമാക്കിയതോടെ ഇവിടങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.

കാസർകോട് ജില്ലയിൽ ഒരാൾക്കും കണ്ണൂരിൽ മൂന്നുപേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഓരോ ദിവസവും പുതിയ കേസുകൾ ഇവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ട ശേഷം കണ്ണൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരിൽ രണ്ട് പേർക്ക് കൊവിഡ് ഉറപ്പിച്ചത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ദുബായിൽ നിന്നെത്തി നാൽപത് ദിവസം പിന്നിട്ടയാൾക്കും 37 ദിവസം കഴിഞ്ഞ യുവതിക്കുമാണ് രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ജില്ലയിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

കണ്ണൂരിൽ സമ്പർക്കത്തിലൂടെയാണ് ഒരാൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മാർച്ച് 17 നാണ് 21 കാരൻ കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞ സമയത്ത് യാതൊരു രോഗലക്ഷണങ്ങളും കാണിക്കാതിരുന്ന ഇയാൾക്ക് വിദേശത്ത് നിന്നെത്തിയ എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെയാളായ ചെറുവാഞ്ചേരി സ്വദേശിയായ 20 കാരി മാർച്ച് 21 കൊച്ചിയിലാണ് വിമാനമിറങ്ങിയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവർക്ക് 37 ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂരിയാട് സ്വദേശിയായ മൂന്നാമത്തെയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോഴിക്കോട് ജില്ലയിൽ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇവിടെയും പരിശോധനകളും നിരീക്ഷണവും ശക്തമായി തുടരുകയാണ്. ജില്ലയിലാകമാനം 1021 പേർ നിരീക്ഷണത്തിലുള്ള ഇവിടെ 53 പേരാണ് നിരീക്ഷണത്തിലുള്ളത്.

രോഗം തീവ്രമായ ഇടുക്കി ജില്ലയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഡോക്ടറും ആശാവർക്കറുമുൾപ്പെടെ ആറുപേരുടെ ഫലം ഇന്ന് നെഗറ്റീവായത് ആശ്വാസമായി. ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, ആശാവർക്കർ, മൈസൂരിൽ നിന്നെത്തിയ യുവാവ്, ചെന്നൈയിൽ നിന്നെത്തിയ യുവതി , മറ്റൊരു ഇടുക്കി സ്വദേശി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചശേഷം മൂന്ന് ദിവസത്തിന് ശേഷം നെഗറ്റീവായത്. ഒരു ടെസ്റ്റ് കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാം. ഇന്നലെ മുഖ്യമന്ത്രി സ്ഥിരീകരിക്കാതിരുന്ന മൂന്നുപേരുടെ റിസൾട്ടിന്റെ കാര്യത്തിലും വ്യക്തതയായിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ ഇതിൽ വ്യക്തതവരുമെന്നാണ് കരുതുന്നത്. റെഡ് സോണായ കോട്ടയം ജില്ലയിൽ 375 ഫലങ്ങളാണ് ഇനി വരാനുള്ളത്. റെഡ്സോൺ മേഖലയായതിനാൽ ഇവിടെ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. അഞ്ചുപേരിൽ കൂടുതൽ ഇവിടെ കൂട്ടം കൂടുന്നതുൾപ്പെടെ തടഞ്ഞിരിക്കുകയാണ്.

അതേസമയം അതിർത്തി മേഖലയിൽ കൂടി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചവരെ വനംവകുപ്പ് തടഞ്ഞ് മടക്കി അയച്ചു. കടവരിയിൽ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോസ്റ്റുകൾ മറികടക്കാൻ ശ്രമിച്ചവരെയാണ് ജീവനക്കാർ തടഞ്ഞത്.