french-league

പാരിസ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് ലീഗ് വൺ ഉപേക്ഷിച്ചു. കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ സെപ്തംബർ വരെ രാജ്യത്ത് എല്ലാ കായിക മത്സരങ്ങളും റദ്ദാക്കുകയാണെന്ന് ഫ്രാൻസ് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പെ അറിയിച്ചു. തുടർന്നാണ് ലീഗ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ഇതോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജി.യെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചേക്കും. യൂറോപ്പിലെ അഞ്ച് വമ്പൻ ലീഗുകളിൽ ഉപേക്ഷിക്കപ്പെടുന്ന ആദ്യത്തേതാണ് ലീഗ് വൺ. 27 കളിയിൽ 68 പോയന്റുമായി ഒന്നാം സ്ഥാനത്ത് 12 പോയന്റിന്റെ ലീഡാണ് പി.എസ്.ജിക്കുള്ളത്. 28 കളിയിൽ 56 പോയന്റുള്ള മാഴ്സയാണ് രണ്ടാം സ്ഥാനത്ത്. സീസൺ ഉപേക്ഷിച്ച സാഹചര്യത്തിൽ പ്രൊമോഷനുൾപ്പെടെ ഫ്രഞ്ച് ഫുട്‌ബോൾ ഭരണസമിതി ചർച്ച ചെയ്ത് തീരുമാനിക്കും.