സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വിചിത്ര വാദവുമായി മുൻ വർക്കേഴ്സ് പാർട്ടി നേതാവ്. ഏപ്രിൽ 14ന് ഉത്തര കൊറിയയിൽ നടന്ന മിസൈൽ പരീക്ഷണത്തിൽ കിമ്മിന് പരിക്കേറ്റിരിക്കാമെന്നാണ് പുതിയ അഭ്യൂഹം. വർക്കേഴ്സ് പാർട്ടി മുൻ അംഗമായ ലീ ജിയോംഗ് ഹോ ദക്ഷിണ കൊറിയൻ ദിനപത്രമായ ഡേംഗ ഇൽബോസിൽ എഴുതിയ ലേഖനത്തിലാണ് പരാമർശമുള്ളത്. ഏപ്രിൽ 14ന് നടന്ന മിസൈൽ പരീക്ഷണത്തിന് മുമ്പ് കിം പൂർണ ആരോഗ്യവാനായിരുന്നു. എന്നാൽ ഇതിനു ശേഷമാണ് കിം അപ്രത്യക്ഷനായിരിക്കുന്നത്. മിസൈൽ പരീക്ഷണത്തിനിടെ അരുതാത്തതെന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന് ലീ പറയുന്നു. കിമ്മിന് ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ സംഭവച്ചിരിക്കാമെന്നാണ് ലീയുടെ സംശയം.
അതേസമയം, മിസൈൽ പരീക്ഷണത്തിന്റെയോ കോംപാക്ട് എയർക്രാഫ്റ്റുകളുടെ അഭ്യാസപ്രകടനങ്ങളുടെയോ ഒരു ദൃശ്യങ്ങൾപോലും പുറത്തു വിട്ടിട്ടില്ല എന്നതും സംശയം ജനിപ്പിക്കുന്നു. സാധാരണ എല്ലാ മിസൈൽ പരീക്ഷണങ്ങളിലും ഈ ഫൂട്ടേജുകൾ പുറത്ത് വിടാറുണ്ട്. കൂടാതെ പരീക്ഷണം വീക്ഷിക്കാനെത്തുന്ന കിമ്മിന്റെ ചിത്രങ്ങളും പുറത്തുവിടും. എന്നാൽ ഇപ്രാവശ്യം എല്ലാം പതിവിന് വിപരീതമായിരുന്നു. പരീക്ഷണത്തിനിടെ എന്തെങ്കിലും അപകടം ഉണ്ടായേക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒന്നുകിൽ പൊട്ടിത്തെറിയോ അല്ലെങ്കിൽ മിസൈൽ പൊട്ടിത്തെറിച്ച അവശിഷ്ടങ്ങളോ അപകടങ്ങൾക്കിടയാക്കിയേക്കുമെന്ന് ലീ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏപ്രിൽ 11ന് വർക്കേഴ്സ് പാർട്ടി മീറ്റിംഗിലാണ് കിം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ കിം മരിച്ചതായുള്ള വാർത്തകളും വ്യാപകമായി പരക്കുന്നുണ്ട്. കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലിന്റെ മൃതശരീരത്തിന്റെ ചിത്രത്തിൽ കിമ്മിന്റെ മുഖം മോർഫ് ചെയ്ത വ്യാജ ചിത്രങ്ങളും കിമ്മിന്റേതെന്ന പേരിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചതായും മൗണ്ട് മൈയോഹയിംഗിലുള്ള ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായതുമായുള്ള വാർത്തകളോട് ലീ പൂർണമായും യോജിക്കുന്നില്ല. കിമ്മിന്റെ ഡോക്ടർമാർ പ്യോംഗ്യാംഗ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണെന്ന് ലീ പറയുന്നു.
ഏപ്രിൽ 14ന് ഉത്തര കൊറിയയുടെ കിഴക്കൻ തീരത്താണ് മിസൈലുകൾ പതിച്ചത്. കിമ്മിന്റെ അനുമതിയില്ലാതെ ഒരിക്കലും മിസൈൽ പരീക്ഷണം നടക്കുകയില്ല. ഉത്തര കൊറിയയിൽ നിന്നും യു.എസിലേക്ക് പലായനം ചെയ്ത ലീ മുമ്പ് ഉത്തര കൊറിയയിലെ റൂം 39 എന്ന ധനകാര്യ വകുപ്പിൽ ജോലിചെയ്തിരുന്നുവെന്നാണ് ദക്ഷിണ കൊറിയ വിശദീകരിക്കുന്നത്. അതേ സമയം, വോൻസാൻ കടൽത്തീരത്ത് റിസോർട്ടിന്റെ പണികൾ പൂർത്തിയാക്കുന്ന തൊഴിലാളികൾക്ക് കിം ആശംസയറിയിച്ചതായി ദക്ഷിണ കൊറിയൻ മാദ്ധ്യമം വെളിപ്പെടുത്തിയിരുന്നു. ഇതോടെ കിം മരിച്ചിട്ടില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. റോഡോംഗ് സിൻമൺ എന്ന ദിനപത്രമാണ് തൊഴിലാളികൾക്ക് കിം സന്ദേശം അയച്ചതായുള്ള വാർത്ത പുറത്തുവിട്ടത്. വോൻസാനിൽ കിം സഞ്ചരിക്കാനുപയോഗിക്കുന്ന ട്രെയിൻ നിറുത്തിയിട്ടിരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കിം ഏപ്രിൽ 13 മുതൽ വോൻസാനിലുണ്ടെന്നാണ് ദക്ഷിണ കൊറിയൻ വിദേശകാര്യ വക്താവ് ചുംഗ് ഇൻ മൂൺ പറയുന്നത്.