uae

അബുദാബി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കണമെന്ന് യു.എ.ഇ ഇന്ത്യയോട് അഭ്യർത്ഥിച്ചു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന സംഘത്തെ അയയ്ക്കണമെന്നാണ് അഭ്യർത്ഥന. യു.എ.ഇയിൽ നിന്നും ഇന്ത്യക്ക് രണ്ട് അഭ്യർത്ഥനകളാണ് ലഭിച്ചത്. വിമാനങ്ങൾ റദ്ദാക്കിയതിനെതുടർന്ന് അവധിക്കെത്തി ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവർത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതിയും കൊവിഡ് പ്രതിസന്ധിയിൽ സഹായിക്കാൻ യു.എ.ഇയിലേക്ക് ഇന്ത്യൻ മെഡിക്കൽ സംഘത്തെ അയയ്ക്കണമെന്ന അഭ്യർത്ഥനയും.


രണ്ടാഴ്ച മുമ്പാണ് ഡോക്ടർമാരും പാരാമെഡിക്കൽ വിദഗ്ദ്ധരും ഉൾപ്പെടുന്ന ഇന്ത്യൻ മെഡിക്കൽ സംഘം കുവൈറ്റലെത്തിയത്. യു.എ.ഇയിൽ ദിവസേന ശരാശരി 500ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. യു.എ.ഇയിലെ ആശുപത്രികളിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നടക്കമുള്ള ഡോക്ടർമാരാണ്. വിമാന സർവ്വീസുകൾ പൂർണമായും റദ്ദാക്കിയതോടെ അവധിയിൽ പോയ ഡോക്ടർമാർ ഉൾപ്പെടെ ഉള്ള ആരോഗ്യപ്രവർത്തകർക്ക് തിരികെയെത്താൻ കഴിയാത്ത സാഹചര്യമാണ്. ആരോഗ്യപ്രവർത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള വിമാനം തയ്യാറാണെന്ന് യു.എ.ഇ അറിയിച്ചിട്ടുണ്ട്. യു.എ.ഇയുടെ അഭ്യർത്ഥന കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്.