പാറ്റ്ന: വിവാഹപ്പിറ്റേന്ന് മുതൽ ഭാര്യാവീട്ടിൽ കുടുങ്ങിപ്പോയ വരനും കുടുംബവും തിരിച്ച് സ്വന്തം വീട്ടിലെത്താൻ ബീഹാർ മുഖ്യമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ മുഹമ്മദ് ആബിദും കുടുംബവുമാണ് പാറ്റ്നയിൽ കുടുങ്ങിയത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേദിവസമായിരുന്നു മുഹമ്മദ് ആബിന്റെ വിവാഹം. വിവാഹത്തിനായി ബീഹാർ സ്വദേശിയായ വധുവിന്റെ വീട്ടിലെത്തിയ ആബിദും കുടുംബവും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വധൂ ഗൃഹത്തിൽ കുടുങ്ങുകയായിരുന്നു .
ഭാര്യ ഗൃഹത്തിൽ ഒരു മാസത്തിലധികം തുടർന്നതോടെ അതിഥികൾക്കും ബുദ്ധിമുട്ട്. ഒപ്പം മരുമകനേയും കുടുംബത്തേയും സത്കരിച്ച് ഭാര്യാപിതാവിന് കടവും കയറി തുടങ്ങി. 'ഭാര്യാവീട്ടിൽ ഇനിയും കഴിയാനാകില്ല. അതിഥികൾക്കും മാന്യതയും മര്യാദയുമുണ്ടല്ലോ. ഭർതൃവീട്ടുകാരെ സത്കരിച്ച് ഭാര്യാപിതാവിന് കടംകയറി തുടങ്ങി. ഇതിൽ കൂടുതൽ ഭാര്യയുടെ വീട്ടിൽ നിൽക്കുന്നത് അഭിമാനക്ഷതമാണെന്ന് കത്തിൽ പറയുന്നു.
തന്റെ അവസ്ഥ മനസിലാക്കി മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. വധൂഗൃഹത്തിൽ കുടുങ്ങിപ്പോയ തങ്ങളെ തിരിച്ച് നാട്ടിലെത്തിക്കണെന്നാണ് ആബിദ് കത്തിലൂടെ ആഭ്യർത്ഥിച്ചത്. മരുമകനേയും കുടുംബത്തേയും വേണ്ട രീതിയിൽ നോക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് ആബിദിന്റെ ഭാര്യപിതാവ് പറയുന്നത്. കടം പ്രശ്നമല്ലെന്നും മകളും മരുമകനുമാണ് ലോക്ക്ഡൗണിനേക്കാൾ വലുതെന്നും ഇദ്ദേഹം പറയുന്നു.