ഭോപ്പാൽ: കൊവിഡ് ചികിത്സയ്ക്ക് യോഗയും, മന്ത്രങ്ങളും, സംഗീതവും ഉപയോഗിക്കാം. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേതാണ് ഈ അഭിപ്രായം. മത നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുമ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സാധാരണ ചികിത്സയ്ക്കൊപ്പം ഇവയും പരീക്ഷിക്കാമെന്നായിരുന്നു ചൗഹാൻ പറഞ്ഞത്.
പല രോഗങ്ങളും സ്നേഹം കൊണ്ട് മാറിയിട്ടുണ്ട്, പക്ഷേ കൊവിഡ് പോലുള്ള അണുബാധകൾ വരുമ്പോൾ അമ്മയ്ക്ക് പോലും മകനെ തൊടാനാവില്ല. അതിനാൽ, നിലവിലുള്ള ചികിത്സാ സമ്പ്രദായത്തോടൊപ്പം, ഇന്ത്യയിലുള്ള മറ്റ് പാരമ്പര്യ ചികിത്സ രീതികളും പരീക്ഷിക്കാം.ചിലപ്പോൾ മറ്റൊരു ചികിത്സാ രീതിയുമായി മുന്നോട്ട് വരാൻ നമുക്ക് സാധിക്കുമായിരിക്കും. ഇത് മരണനിരക്ക് കുറയ്ക്കും. രോഗികളുടെ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സംഗീതവും, ഭജനയും, ശ്ലോകവും പ്രോത്സാഹിപ്പിക്കാവുന്നതാണെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഇത്തരം ചികിത്സകൾക്കായി നിർദ്ദേശങ്ങൾ അയയ്ക്കാൻ അദ്ദേഹം നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.