vladimir-putin

മോസ്കോ: രാജ്യത്ത് കൊവിഡ് പോരാട്ടത്തിന് ആരോഗ്യ പ്രവർത്തകർക്ക് ഏറ്റവും അത്യാവശ്യമുള്ള പി.പി.ഇ കിറ്റുകൾക്ക് ക്ഷാമം ഉണ്ടെന്ന് സമ്മതിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പി.പി.ഇ കിറ്റുകളുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഉത്പാദനവും ഇറക്കുമതിയും വർദ്ധിപ്പിച്ചിട്ടും രാജ്യത്ത് ക്ഷാമമുണ്ടെന്നാണ് പുടിൻ പറയുന്നത്. അതേസമയം, രാജ്യത്ത് വൈറസിന്റെ തീവ്രത അതിന്റെ പാരമ്യത്തിൽ എത്തിയിട്ടില്ലെന്നും വരും ദിവസങ്ങളിൽ തീവ്രത വർദ്ധിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

വൈറസിനെ പിടിച്ചു കെട്ടാൻ റഷ്യയിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ മേയ് 11 വരെ തുടരും. 93,558 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 867 മരണം മാത്രമാണ് റഷ്യയൊട്ടാകെ ഇതേ വരെ റിപ്പോർട്ട് ചെയ്തതെന്നാണ് ഔദ്യോഗിക കണക്കുകൾ.

റഷ്യയുടെ പല മേഖലകളിലും പി.പി.ഇ കിറ്റുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നതിനെതിരെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. മാർച്ചിൽ ദിവസവും 3,000 സുരക്ഷാ വസ്ത്രങ്ങൾ നിർമിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ദിനംപ്രതി 1,00,000 സുരക്ഷാ വസ്ത്രങ്ങളാണ് റഷ്യയിൽ നിർമിക്കുന്നത്. മുമ്പ് നിർമിച്ചു കൊണ്ടിരുന്നതിനേക്കാൾ പത്തിരട്ടി മാസ്കുകളാണ് ഇപ്പോൾ റഷ്യയിൽ നിർമിക്കുന്നത്. 8.5 ദശലക്ഷം മാസ്കുകളാണ് ഏപ്രിൽ മുതൽ ദിനംപ്രതി റഷ്യയിൽ നിർമിക്കുന്നതെന്ന് പുടിൻ പറയുന്നു.

രാജ്യത്ത് കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നുണ്ടെന്നും എന്നാൽ ജനങ്ങൾ കുറേ നാളത്തേക്ക് സ്വയം ഐസൊലേഷൻ പാലിക്കേണ്ടി വരുമെന്നും പുടിൻ പറഞ്ഞു. ലോക്ക്ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്നാണ് സൂചന. മേയ് 5നകം ലോക്ക്ഡൗൺ ഇളവുകളെ പറ്റി മാർഗരേഖ തയാറാക്കുമെന്ന് പുടിൻ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള എട്ടാമത്തെ രാജ്യമാണ് റഷ്യ.

84,000ത്തിലേറെ പേർ ആശുപത്രിയിൽ തുടരുന്നത് ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. മോസ്കോ ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലെ ആശുപത്രികളെല്ലാം നിറഞ്ഞു. 20,000ത്തിലേറെ പേരാണ് മോസ്കോയിൽ മാത്രം ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം കൂടിയതോടെ ഒരു മിലിട്ടറി തീം പാർക്കും എക്സ്‌‌പോ സെന്ററും താത്കാലിക ആശുപത്രികളാക്കി മാറ്റിയിരിക്കുകയാണ്.