തിരുവനന്തപുരം: കേരളമെന്നാൽ പിണറായി എന്നാക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്.പക്ഷേ, ആ ആഗ്രഹം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കടകംപളളി സുരേന്ദ്രൻ കേരള മന്ത്രിസഭയിലെ ശകുനിയാണെന്നും രാജവാഴ്ചയിൽ തമ്പുരാക്കന്മാർ പറയും പോലെയാണ് കടകംപള്ളി പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വലിയ ആർത്തി കടകപള്ളിയെ പോലുള്ള മന്ത്രിമാർക്കാണ്.പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നവരുടെ വായടപ്പിക്കാൻ നടത്തുന്ന ശ്രമം ശരിയല്ല. ജനാധിപത്യ സമൂഹത്തിൽ ആരേയും വിമർശിക്കാനുള്ള അധികാരമുണ്ട്. തെറ്റുകൾ ചൂണ്ടിക്കാട്ടുക എന്നത് പ്രതിപക്ഷത്തിന്റെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടേയും കടമയാണ്. ഇത് മനസിലാക്കി തെറ്റ് തിരുത്തുന്നതിന് പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കാനാണ് കടകംപള്ളിയെ പോലുള്ളവർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ സംസ്ഥാനത്ത് ശക്തമായ ചർച്ചയാണ്. സംസ്ഥാനത്ത് നടത്തുന്ന ടെസ്റ്റുകൾ കുറവ് തന്നെയാണ്. സാമ്പിളുകളുടെ എണ്ണം പറഞ്ഞാണ് സർക്കാർ പിടിച്ചു നിൽക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.