pic

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചത് നാല് മലയാളികളാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്നലെ നൽകിയ റിപ്പോർട്ടിൽ മരണപ്പെട്ടവരിൽ അഞ്ചു പേർ മലയാളികളാണെന്നായിരുന്നു അറിയിച്ചിരുന്നത്. വിവരം ശേഖരിച്ചതിൽ സംഭവിച്ച പിശകാണെന്ന് എംബസി വിശദീകരിച്ചു. മലയാളികളായ ഷബ്നാസ് പാലക്കണ്ടിയിൽ, സഫ്വാൻ നടമൽ എന്നിവർ ഈ മാസം നാലിനാണ് മരിച്ചത്. വിജയകുമാരൻ നായർ, ഹബീസ് ഖാൻ മുഹമ്മദ് എന്നിവർ റിയാദ്, ബുറൈദ എന്നിവിടങ്ങളിലാണ് മരിച്ചതെന്നും എംബസി അറിയിച്ചു.

ആദ്യം പുറത്ത് വിട്ട എംബസിയുടെ കണക്കിൽ മക്കയിൽ മരിച്ച ബീഹാർ സ്വദേശിയായ സാഹിർ ഹുസൈൻ കേരളീയനാണെന്നാണ് രേഖപ്പെടുത്തിയത്. ഇത് പിന്നീട് തിരുത്തുകയായിരുന്നു.

കേരളത്തിന് പുറമെ മഹാരാഷ്ട്ര (5), ഉത്തർപ്രദേശ് (5), ബീഹാർ (2), തെലങ്കാന (2) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുളളവരുടെ മരണ സംഖ്യയെന്നായിരുന്നു ചൊവ്വാഴ്ച്ച എംബസി അറിയിച്ചിരുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും എംബസിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇന്ത്യക്കാരിൽ നാട്ടിൽ അടിയന്തരമായി പോകാനുള്ളവരെ ഒഴിപ്പിക്കുന്നതിനായുള്ള നടപടികൾ എംബസി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാറുമായി സഹകരിച്ച് ഇതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും എംബസി അറിയിച്ചു.