കല്ലമ്പലം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും കല്ലമ്പലം, മടവൂർ മേഖലയിൽ വ്യാപക നാശം. 110 കെ.വി ലൈൻ 11 കെ.വി ലൈനിലേക്ക് പൊട്ടി വീണ് തീപിടിച്ചു. ലൈനുകൾ കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ ഉഗ്രശബ്ദംകേട്ട് സമീപവാസികൾ പരിഭ്രാന്തരായി. റോഡ്‌ വിജനമായതും 110 കെ.വി ലൈൻ നിലത്തുവീഴാതെ 11 കെ.വി ലൈനിൽ കുരുങ്ങിയതും കാരണം കൂടുതൽ അപകടമുണ്ടായില്ല. അമിത വൈദ്യുത പ്രവാഹത്തെ തുടർന്ന് നിരവധി ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുണ്ടായി. കല്ലമ്പലം കെ.എസ്.ഇ.ബിയുടെ കീഴിലെ 30ഉം, മടവൂർ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള 3ഉം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. കല്ലമ്പലത്തെ 27ഓളം ട്രാൻസ്‌ഫോർമറുകളിൽ രാത്രി തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും വെള്ളൂർക്കോണം, ഡീസന്റ്മുക്ക്, ഹംസമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മൂന്നോളം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും മടവൂരും 19 മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. മടവൂർ പനപ്പാംകുന്നിലും കാട്ടുചന്തയിലും മരം വീണ് അഞ്ച് പോസ്റ്റുകൾ തകർന്നു. മരുതിക്കുന്നിൽ രണ്ടിടത്ത് മരം വീണ് ലൈനുകൾക്ക് കേടുപാടുണ്ടായി. പലയിടത്തും വ്യാപകമായി കൃഷിനശിച്ചു. 110 കെ.വി ലൈൻ പൊട്ടി വീഴാനുള്ള സാഹചര്യം അപൂർവമാണെന്ന് കല്ലമ്പലം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ ഹരീഷ് പറഞ്ഞു.