ഗ്ലാമറില്ലാത്ത മുഖത്തെ വലിയ കണ്ണുകളും നിശബ്ദ ഭാവങ്ങളുമായി ആരാധകരുടെ മനസ് കീഴടക്കിയ ഇർഫാൻ ഖാനെന്ന നടൻ പ്രതിഭയുടെ കൊടുമുടികൾ കീഴടക്കേണ്ട പ്രായത്തിലാണ് മരണത്തിലേക്ക് മറയുന്നത്. അഭിനയത്തിലെ മിതത്വവും ആഴവും കൊണ്ട് ലോകനിലവാരമുള്ള നടനായി വളരുകയായിരുന്നു അദ്ദേഹം. കാൻസറിനോട് പടവെട്ടി തിരിച്ചു വന്ന് അംഗ്രേസി മീഡിയത്തിലൂടെ വീണ്ടും സിനിമയിൽ സജീവമാകുമ്പോഴാണ് പെട്ടെന്നൊരു ദിവസം ആശുപത്രിയിലാകുന്നത്. പിറ്റേന്ന് മരണവും.
കൊവിഡ് മഹാമാരി കാരണം ഒരു നോക്ക് കാണാനാകാതെ പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ വിറങ്ങലിച്ചിരിക്കുകയാണ് ഹിന്ദി സിനിമാ ലോകം. ലൈഫ് ഓഫ് പൈയിൽ ഇർഫാന്റെ കഥാപാത്രം പറയുന്ന പോലെ, വിടപറയാൻ ഒരു നിമിഷം പോലും കിട്ടാതെ.... !
1988ൽ മീരാനായരുടെ സലാം ബോംബെയിലൂടെ അരങ്ങേറ്റം കുറിച്ച ഇർഫാൻ എന്ന നടൻ ഏറെക്കാലം കൊച്ചുകൊച്ചു വേഷങ്ങളിൽ ഒതുങ്ങി നിന്നു. 2003ൽ ഷേക്സ്‌പിയറുടെ മാക്ബത്തിനെ ആസ്പദമാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്‌ത മക്ബൂലിൽ ആ പ്രതിഭാവിലാസം പകടമായി.
പാൻ സിംഗ് തോമർ ആണ് ഇർഫാന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം അത്‌ലറ്റ് പാൻ സിംഗ് തോമറിന്റെ ജീവിതമാണ്. ഹാസിൽ എന്ന ചിത്രത്തിൽ മികച്ച വില്ലനുള്ള ഫിലിംഫെയർ പുരസ്കാരം നേടി. ലൈഫ് ഇൻ എ മെട്രോ, ലഞ്ച് ബോക്സ്, പികു, ഹൈദർ, തൽവാർ, ജസ്ബാ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ. മലയാളി താരം പാർവതിക്കൊപ്പം അഭിനയിച്ച ഖരീബ് ഖരീബ് സിംഗിൾ എന്ന സിനിമയിലെ കോമഡി ഛായയുള്ള വേഷവും ഇർഫാൻ ശ്രദ്ധേയമാക്കിയിരുന്നു.
ഓസ്കാറുകൾ വാരിക്കൂട്ടിയ ലൈഫ് ഓഫ് പൈയിലൂടെ ഹോളിവുഡിലും ശ്രദ്ധേയനായി. ജുറാസിക് വേൾഡ്, ഇൻഫേർണോ, അമേസിംഗ് സ്പൈഡർമാൻ , ദ വാരിയർ, ദ നെയിംസേക്ക്, ഡാർജിലിംഗ് ലിമിറ്റഡ് തുടങ്ങിയദ്ധേയമായ ഹോളിവുഡ് സിനിമകൾ.
രാജസ്ഥാനിലെ ടോംഗ് ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലാണ് ഇർഫാന്റെ ജനനം.1984ൽ നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഇർഫാൻ മുബയിലേക്ക് ചേക്കേറി. സീരിയലുകളിൽ അഭിനയിച്ചു. സ്റ്റാർ പ്ലസിന്റെ ' ദർ ' എന്ന പരമ്പരയിൽ സൈക്കോ സീരിയൽ കില്ലറുടെ വേഷമായിരുന്നു.
ആഴമുള്ള വായനയുടെ ലോകത്തായിരുന്നു ഇർഫാൻ. കഥാപാത്രങ്ങളെ ആഴത്തിൽ പഠിക്കുമായിരുന്നു. ജീവിതത്തിലും സ്ക്രീനിലും സാധാരണക്കാരൻ. അംഗ്രേസി മീഡിയത്തിൽ മകളുടെ ആഗ്രഹങ്ങൾ സാധിക്കാൻ ഓടിനടക്കുന്ന അച്ഛൻ ഒരു വിങ്ങലാണ്. മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ഇർഫാന് നേടിക്കൊടുത്ത ഹിന്ദി മീഡിയത്തിന്റെ തുടർച്ചയാണ് അംഗ്രേസി മീഡിയം. ഇർഫാന്റെ തിരിച്ചു വരവിൽ ആരാധകർ സന്തോഷിച്ചപ്പോൾ രോഗം വീണ്ടും പിടിമുറുക്കിയതിന്റെ വേദനയിലായിരുന്നു ഇർഫാൻ. ഇതിനിടെ ഇർഫാന്റെ ഉമ്മ ജയ്‌പൂരിൽ മരിച്ചു. ഉമ്മയെ കാണാൻ പോലുമാകാതെ ഇർഫാൻ മുംബയിലെ വസതിയിലും. ഉമ്മയുടെ മരണാനന്തരച്ചടങ്ങുകൾ വീഡിയോ കോൺഫറൻസിലൂടെയാണ് കണ്ടത്. ദിവസങ്ങൾക്കുള്ളിൽ തന്നെ മകനും അമ്മയുടെ അടുത്തേക്ക് യാത്രയായി...