സർക്കാർ - പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക അഞ്ചുമാസം കൊണ്ടു പിടിക്കാനുള്ള ഉത്തരവ് മേയ് 20 വരെ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് മാർഗം തേടുന്ന സർക്കാർ നടപടി ഇന്നത്തെ സാഹചര്യത്തിൽ അനുപേക്ഷണീയം തന്നെ. കോടതി ഉത്തരവിൽ ചഞ്ചലരാകാതെ സത്വര തീരുമാനം എടുക്കുകയായിരുന്നു സർക്കാർ. അടിയന്തര സാഹചര്യങ്ങളിലും ദുരന്തവേളകളിലും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം വരെ പിടിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയുള്ളതാണ് നിർദ്ദിഷ്ട ഓർഡിനൻസ്. കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവു സമ്പാദിച്ച പ്രതിപക്ഷ സംഘടനകൾ ഓർഡിനൻസിനെതിരെയും കോടതിയിൽ പോയിക്കൂടെന്നില്ല. അങ്ങനെ വന്നാൽ ദീർഘമായ ഒരു നിയമ യുദ്ധത്തിനാകും അതു വഴിതുറക്കുക. സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ഏറ്റവും നിർഭാഗ്യകരവും ഉണ്ടാകാൻ പാടില്ലാത്തതുമായ ഒന്നാണ് ശമ്പള പിടിത്തത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട നിയമയുദ്ധം.
മഹാമാരി സൃഷ്ടിച്ച ഭീതിയുടെ മുമ്പിൽ ജനങ്ങൾ ഒന്നടങ്കം പകച്ചുനിൽക്കുമ്പോൾ ദുരിതപ്പിരിവിന്റെ പേരിൽ ഒരു വിഭാഗം ജീവനക്കാരും സർക്കാരും പരസ്പരം പോരടിക്കുന്ന കാഴ്ച അങ്ങേയറ്റം ലജ്ജാകരമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രാരാബ്ധവും മഹാമാരിയുമൊന്നുമല്ല, താത്‌കാലികമായി ഓരോ മാസവും കുറയുന്ന ആറുദിവസത്തെ ശമ്പളമാണ് പരമ പ്രധാനമെന്നു കരുതുന്ന സർവീസ് സംഘടനകളുടെ സ്വാർത്ഥ മനോഭാവമാണ് യഥാർത്ഥത്തിൽ ഞെട്ടലുളവാക്കുന്നത്.
ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അത് സ്റ്റേ ചെയ്തിരിക്കുന്നത്. ശമ്പളം ജീവനക്കാരുടെ അവകാശമായതിനാൽ സർക്കാരിന് നിർബന്ധപൂർവം അതു പിടിച്ചെടുക്കാൻ അവകാശമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ജീവനക്കാരിൽ നിന്നു പിടിക്കുന്ന തുക എന്തിനു വേണ്ടിയാണു വിനിയോഗിക്കാൻ പോകുന്നതെന്നു ഉത്തരവിൽ വ്യക്തമാക്കാതിരുന്നതും സർക്കാർ നിലപാടിനു വലിയ തിരിച്ചടിയായി. മുൻപും പലപ്പോഴും സംഭവിച്ചിട്ടുള്ളതുപോലെ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ അതിപ്രധാന ഉത്തരവുകൾ ഇറക്കിയാലുണ്ടാകാവുന്ന തിരിച്ചടിയായേ ഇതിനെയും കാണേണ്ടതുള്ളൂ. പിടിക്കുന്ന സംഖ്യ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ഒട്ടും കുറയാതെ മടക്കി നൽകണമെന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. സുപ്രധാനമായ ഈ ഉറപ്പ് ശമ്പളം പിടിക്കാൻ ഇറക്കിയ ഉത്തരവിൽ ചേർക്കാതിരുന്നതും കേസ് ദുർബലപ്പെടാൻ കാരണമായി.
ഹർജിക്കാർക്ക് മേൽക്കൈ നേടിക്കൊടുത്തതും ഇതാണ്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് എന്ന നിയമ മാർഗം സർക്കാർ സ്വീകരിച്ചത്. ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് നിയമപരമല്ലെന്നാണല്ലോ കോടതിയും ചൂണ്ടിക്കാട്ടിയത്. ഓർഡിനൻസിലൂടെ അതിനു പരിഹാരമാവുകയാണ്. ദുരന്ത സാഹചര്യങ്ങളിൽ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ സർക്കാരിന് ഇതോടെ അധികാരം ലഭിക്കുകയാണ്. ഇങ്ങനെ പിടിക്കുന്ന ശമ്പളം മടക്കിക്കൊടുക്കുന്ന കാര്യത്തിലും സർക്കാരിന് ആറുമാസം വരെ സാവകാശം ലഭിക്കും.
കൊവിഡ് മഹാമാരി സൃഷ്ടിച്ച അത്യസാധാരണ സാമ്പത്തിക ഞെരുക്കം മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ കൈവച്ച നിരവധി സംസ്ഥാനങ്ങൾ ഉണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധന രണ്ടുവർഷത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട് സർക്കാർ രണ്ടുവർഷത്തേക്കാണ് ഡി.എ വർദ്ധന ഉപേക്ഷിച്ചത്. ഏൺഡ് ലീവ് പണമായി നൽകിയിരുന്ന സമ്പ്രദായവും ഒരുവർഷത്തേക്ക് നിറുത്തലാക്കി. ഗുജറാത്ത്, ഒറീസ, യു.പി തുടങ്ങിയ സംസ്ഥാനങ്ങളും ജീവനക്കാരുടെ ആനുകൂല്യങ്ങൾ താത്‌കാലികമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഇങ്ങനെ നോക്കുമ്പോൾ കേരള സർക്കാർ നടപടി കടന്ന കൈയായിപ്പോയെന്നു പറയാനാകില്ല. പിടിക്കുന്ന തുക അപ്പാടെ മടക്കിക്കൊടുക്കാമെന്ന വാഗ്ദാനത്തോടെയാണ് സംസ്ഥാനം സാലറി കട്ടിനൊരുങ്ങിയത്. ഇതുസംബന്ധിച്ച ഉത്തരവിൽ അക്കാര്യം ഉൾപ്പെടുത്താതിരുന്നതാണ് ഭീമാബദ്ധമായത്. അനവധാനതയോ കൗശലമോ എന്തായാലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഈ വീഴ്ച.
ധനമന്ത്രിയുടെ പ്രകോപനപരമായ നിലപാടാണ് സാലറി കട്ടിനെതിരെ പ്രതിപക്ഷ സംഘടനകൾ കോടതിയിൽ പോകാൻ പ്രേരണയായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതായി കണ്ടു. കേവലം സാധാരണ അവസരങ്ങളിലുള്ള ഒരു ഏറ്റുമുട്ടലാക്കേണ്ടതല്ല ഇപ്പോഴത്തെ അസാധാരണ സ്ഥിതിവിശേഷം. വരുമാന സ്രോതസെല്ലാം ഏതാണ്ടു പൂർണമായി അടഞ്ഞതോടെ ഖജനാവു കാലിയാണ്. ശമ്പളം നൽകാൻ പോലും കടം വാങ്ങേണ്ട പരിതാപകരമായ അവസ്ഥയിലെത്തി നിൽക്കുന്ന സർക്കാരിന്റെ ബുദ്ധിമുട്ടുകൾ പ്രതിപക്ഷത്തിനും അറിയാവുന്നതാണ്. സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാരിനു പിന്തുണ നൽകുക എന്നതാണ് ഇത്തരം അടിയന്തര സന്ദർഭങ്ങളിൽ പ്രതിപക്ഷം ചെയ്യേണ്ടത്. അഭിമാനബോധം അതിനു സമ്മതിക്കുന്നില്ലെങ്കിൽ കുറഞ്ഞ പക്ഷം സർക്കാർ എടുക്കുന്ന സദുദ്ദേശപരമായ തീരുമാനങ്ങളെ എതിർക്കാതിരിക്കുകയെങ്കിലും വേണം. ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെയൊന്നും ഓർമ്മയിൽ പോലും ഇല്ലാത്ത ഒരു മഹാദുരന്തത്തിലൂടെയാണ് ലോകവും നമ്മുടെ നാടും കടന്നുപോകുന്നതെന്ന് ഏവർക്കും അറിയാം.
അത്തരമൊരു ഘട്ടത്തിൽ എതിരിടലിന്റെ വഴിയല്ല സ്വീകരിക്കേണ്ടത്. മാസ ശമ്പളത്തിൽ താത്കാലികമായെങ്കിലും കുറവു വരുന്നത് സഹിക്കാൻ കഴിയാത്തവർ ധാരാളമുണ്ടാകും. അതേസമയം ഒന്നൊന്നര മാസമായി തൊഴിലില്ലാതെ ഒരു രൂപയുടെ വരുമാനമില്ലാതെ കഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിനാളുകൾ രാജ്യത്തുണ്ട്. മഹാമാരി സൃഷ്ടിച്ച നിലയില്ലാക്കയങ്ങളിൽപെട്ട് ഉഴലുന്നവർ കണ്ണിനു മുന്നിൽത്തന്നെയുണ്ട്. കൈവായ്‌പയെന്ന നിലയിൽ ശമ്പളത്തിന്റെ ഒരു ഭാഗം സർക്കാർ എടുക്കുന്നതിനെതിരെ കോടതി കയറാൻ ഒരുങ്ങിയ സംഘടനകളെ അതിൽ നിന്നു വിലക്കുകയായിരുന്നു നാടിനോടും നാട്ടാരോടും തെല്ലെങ്കിലും ഉത്തരവാദിത്വമുള്ള പ്രതിപക്ഷ നേതാക്കൾ ചെയ്യേണ്ടിയിരുന്നത്. ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളോടുള്ള സഹാനുഭൂതി അത്തരത്തിലെങ്കിലും കാണിക്കാമായിരുന്നു. എല്ലാം രാഷ്ട്രീയക്കണ്ണാടിയിലൂടെ മാത്രം കാണുന്നതിന്റെ കുഴപ്പമാണിത്.