cm-pinarayi

തിരുവനന്തപുരം:മാനദണ്ഡം പാലിക്കാത്ത പി പി ഇ കിറ്റുകളും മാസ്കുകളും വിതരണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരായതോടെയാണ് കെ.ജി.എം.ഒ.എ പരാതിയുമായി രംഗത്തെത്തിയത്.

കൂടുതൽ സുരക്ഷ നൽകുന്ന എൻ 95 മാസ്ക് ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്. എന്നാൽ കാഴ്ചയിൽ N 95 പോലെ തോന്നുന്ന മാസ്കുകൾ വിതരണം ചെയ്യുന്നുവെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. മൂന്നു ലെയർ മാസ്ക് ഉപയോഗിക്കേണ്ടയിടങ്ങളിൽ രണ്ട് ലെയറുളള മാസ്കുകളും തുണിമാസ്കുകളും ആരോഗ്യപ്രവർത്തകർക്ക് നൽകുന്നുണ്ട്. പി.പി.ഇ കിറ്റുകളും മാനദണ്ഡം അനുസരിച്ചുള്ളവയല്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ടെന്നും കത്തിൽ പറയുന്നു.