തിരുവനന്തപുരം: വ്യാപാര സംഘടനാനേതാക്കളുമായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചാലയിലെ അവശ്യസാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള കടകൾ മേയ് മൂന്ന് വരെ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്യശാല സുരേഷ്,​ സംസ്ഥാന വ്യാപാരി വ്യവസായി സമിതി വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചനടന്നത്.

ലോക്ക് ഡൗൺ ഇളവുകളെത്തുടർന്ന് ചാലയിൽ വൻ തിരക്ക് അനുഭവപ്പെട്ടത്. കടകൾ തുറന്നുപ്രവർത്തിക്കാമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും ഏതൊക്കെയാണ് അവയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇത് വ്യാപാരികളെ ആശയക്കുഴപ്പത്തിലാക്കി. തുറന്ന കടകളിൽ പലതും പൊലീസ് അടപ്പിച്ചതും പ്രശ്നത്തിനിടയാക്കി. ഈ അവ്യക്തത പരിഹരിക്കാൻ കൂടിയാണ് യോഗം ചേർന്നത്.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ തിരക്ക് നിയന്ത്രിക്കാനാവശ്യമായ സംവിധാനം ഉണ്ടാകണമെന്നും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. വിവിധ യൂണിറ്റുകളിലെ വ്യാപാര പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.