എറണാകുളം: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ കത്ത്. ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്ജിമാർ എന്നിവരുടെ ശമ്പളം പിടിക്കരുതെന്നാണ് കത്തിൽ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് സർക്കാരിന് കത്ത് കൈമാറിയിരിക്കുന്നത്.ധനവകുപ്പ് സെക്രട്ടറിക്ക് തിങ്കളാഴ്ചയാണ് കത്ത് നൽകിയിരിക്കുന്നത്.
ജഡ്ജിമാർ ഭരണാ ഘടനാപരമായ ചുമതലകൾ വഹിക്കുന്നവരാണ്. അവരുടെ ശമ്പളം പിടിച്ചു വയ്ക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും കത്തിൽ പറയുന്നു. അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു സർക്കാർ തീരുമാനം. ഇത് ഹൈക്കോടതി സിംഗിൾ ബെഞ്ച് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതോടെ സർക്കാർ ഇതിനായി ഓർഡിനൻസ് പുറത്തിറക്കാനുള്ള നീക്കത്തിലാണ്. പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രെമെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണം ഉണ്ടാകൂ. ശമ്പള വിതരണം വൈകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന വിവരം. ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 ശതമാനം വരെ ശമ്പളം പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. അതിനിടെയാണ് രജിസ്ട്രാർ ജനറൽ ജഡ്ജിമാർക്ക് വേണ്ടി കൊടുത്ത കത്ത് പുറത്തായിരിക്കുന്നത്.