ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്ലിക്കേഷന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിര്‍ദേശം. ഔട്ട്‌സോഴ്‌സ് ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം, ആപ്ലിക്കേഷനില്‍ സ്വന്തം സ്റ്റാറ്റസ് സേഫ്/ലോ റിസ്‌ക് കാണിച്ചാല്‍ മാത്രമേ ഓഫീസില്‍ ജോലിക്കെത്താവൂ എന്നാണ് നിര്‍ദേശം.
രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായി എന്നു കരുതുന്നവര്‍ക്ക് ആപ്ലിക്കേഷനില്‍ ഹൈ റിസ്‌ക് എന്ന അറിയിപ്പ് ലഭിക്കും. തുടര്‍ന്ന് സേഫ് സ്റ്റാറ്റസ് ലഭിക്കുന്നതുവരെ 14 ദിവസം സ്വയം നിരീക്ഷണത്തിന് വിധേയമാവണമെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
വ്യക്തികളുടെ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗ ബാധിതനോ, രോഗ സാദ്ധ്യതയോ ഉള്ള വ്യക്തികളെ പിന്തുടരുകയും മറ്റുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. കോടിക്കണക്കിനാളുകള്‍ ഇതിനോടകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.