election

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിലവിലെ വാർഡുകളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

. 2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ, വാർഡുകളുടെ എണ്ണം ഓരോന്ന് വീതം കൂട്ടി പുനർ വിഭജനത്തിന് കഴിഞ്ഞ നിയമസഭാസമ്മേളനം ഭേദഗതി നിയമം പാസാക്കിയിരുന്നു. പുനർവിഭജനം നിശ്ചിത സമയത്തിനകം സാദ്ധ്യമാകാത്ത സാഹചര്യത്തിൽ, പഴയ നില പുനഃസ്ഥാപിക്കുന്നതിനുള്ള കേരള പഞ്ചായത്തിരാജ്,​ മുനിസിപ്പൽ ഭേദഗതി ഓർഡിനൻസുകൾ ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

വാർഡ് പുനർ വിഭജനത്തിന് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇതിന്റെ നടപടികളിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ലോക്ക് ഡൗൺ വന്നത്. വാർഡ് പുനർവിഭജനത്തിന് കുറഞ്ഞത് അഞ്ച് മാസമെടുക്കും. അടുത്തൊന്നും വിഭജന പ്രക്രിയ ആരംഭിക്കാനാവില്ല. വാർഡ് പുനർവിഭജനം നടത്തി ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. 2015ൽ പുതുക്കിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.നവംബർ 12ന് മുമ്പ് പുതിയ ഭരണസമിതി അധികാരത്തിലെത്തിയില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് നീങ്ങും.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 15692 വാർഡുകളും,.152 ബ്ലോക്കുകളിലായി 2080 ഉം ,14 ജില്ലാ പഞ്ചായത്തുകളിലായി 331 ഉം ഡിവിഷനുകളും,87 മുനിസിപ്പാലിറ്റികളിലായി 3122 ഉം, 6 കോർപ്പറേഷനുകളിലായി 414 ഉം വാർഡുകളുമാണുള്ളത്..

പ്രതിപക്ഷത്തിന്

ആശ്വസ ജയം

വാർഡുകളുടെ എണ്ണം കൂട്ടാൻ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ആദ്യം കൊണ്ടുവന്ന ഓർഡിനൻസ്, വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചു. പിന്നാലെ, ഓർഡിനൻസ് പിൻവലിച്ച് നിയമസഭ ഭേദഗതി നിയമം പാസ്സാക്കിയതും പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ്.വിവാദ അകമ്പടിയോടെ പാസായ നിയമമാണ് തിരുത്തി പഴയ പടിയാക്കുന്നത്. കൊവിഡ് മൂലമാണെങ്കിലും, പ്രതിപക്ഷത്തിന് അന്നുയർത്തിയ ആവശ്യം അംഗീകരിക്കപ്പെട്ടെന്ന് ആശ്വസിക്കാം.