തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്യുന്ന പ്രവാസികളുടെ എണ്ണം മൂന്നുലക്ഷം കടന്നതോടെ വിവിധ വിദേശരാജ്യങ്ങളിൽനിന്ന് നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ സർക്കാർ തലത്തിൽ ഒരുക്കങ്ങൾ തുടങ്ങി. പ്രവാസിക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പൊലീസ് , തദ്ദേശസ്വയം ഭരണവകുപ്പുകളുടെ പങ്കാളിത്തതോടെയാണ് തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ഏറ്റവുമധികം പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത് യു.എ.ഇ യിൽ നിന്നാണ്. രണ്ട് ലക്ഷത്തോളം പേരാണ് ഇവിടെ നിന്ന് കേരളത്തിലെത്താൻ തയ്യാറെടുത്തിരിക്കുന്നത്. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. മുക്കാൽ ലക്ഷത്തോളം പേർ ഇതുവരെ ഇവിടെ നിന്ന് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ യു.എസ്.എ, റഷ്യ, മാലദ്വീപ്, ബ്രിട്ടൻ, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരും അരലക്ഷത്തിലേറെയായി.
വിസ കാലാവധി അവസാനിച്ചശേഷവും വിദേശത്ത് തുടരുന്നവർ, ഗർഭിണികൾ,വയോധികർ, കുട്ടികൾ എന്നിവർക്കാകും പ്രഥമ പരിഗണന. വിമാനത്തിൽ കയറുംമുമ്പ് ഓരോ പ്രവാസിയേയും അവർ ഇപ്പോൾ താമസിക്കുന്ന രാജ്യത്ത്‌തന്നെ കൊവിഡ് രോഗലക്ഷണമുണ്ടോ എന്ന പരിശോധനയ്‌ക്ക് വിധേയമാക്കും. ഫലം നെഗറ്റീവ് ആയവരെ മാത്രമേ ഇപ്പോൾ നാട്ടിലേക്ക് കൊണ്ടുവരുന്നുള്ളൂ. ഈ പരിശോധന തൃപ്‌തികരമെങ്കിലും നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽ വീണ്ടും പരിശോധനയ്‌ക്ക് വിധേയരാകണം.
തുടർന്ന് സ്വന്തം ഉത്തരവാദിത്തത്തിൽ 28 ദിവസം ഇവർ ക്വാറന്റൈനിൽ പോകണമെന്നാണ് മാർഗനിർദേശം. വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ നാട്ടിലുള്ള കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ അനുവദിക്കില്ല. പകരം സർക്കാർ ക്രമീകരിക്കുന്ന പ്രീപെയ്‌ഡ് ടാക്സിയിൽ ഇവർക്ക് വീടുകളിലെത്താം. വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ ഹോട്ടലുകളിലോ മറ്റിടങ്ങളിലോ മാറിത്താമസിക്കാം. അതിനും സൗകര്യമില്ലാത്തവർക്കായി സർക്കാർ ചെലവിൽ ക്വാറന്റൈൻ സൗകര്യമൊരുക്കും. അതിനുള്ള ക്രമീകരണം ഏർപ്പാടാക്കി.
നോർക്കയിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്‌ത മുറയ്‌ക്കായിരിക്കും വിദേശത്ത് നിന്നും പ്രവാസികളുടെ ഒഴിപ്പിക്കൽ നടക്കുക. ചാർട്ടർ ചെയ്‌ത വിമാനത്തിൽ കേന്ദ്രസർക്കാർ ചെലവിൽ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവും നോർക്ക അധികൃതർ വിദേശ മന്ത്രാലയത്തോട് ഉന്നയിച്ചിട്ടുണ്ട്.